Monday, November 25, 2024

ചൈൽഡ്‌ ലൈൻ ഇനി ചൈൽഡ് ഹെൽപ്പ് ലൈൻ

കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ കൈകാര്യം ചെയ്തിരുന്ന നോഡൽ ഏജൻസിയായ ചൈൽഡ്‌ലൈൻ സംവിധാനത്തിന് അവസാനമാകുന്നു. പകരം ‘ചൈൽഡ് ഹെൽപ്പ്ലൈൻ’ എന്ന പുതിയ സംവിധാനം സർക്കാർ കൊണ്ടുവരികയാണ്. ഇതിന്റെ പ്രവർത്തനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ മാത്രമായിരിക്കും.

കുട്ടികളുടെ സഹായം ആവശ്യപ്പെട്ടുള്ള വിളികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് ലയിപ്പിക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നോഡൽ ഓഫിസർമാരെ കണ്ടെത്താനും വനിതാ ശിശുവികസന വകുപ്പിന്റെ കൂടി കൺട്രോൾ റൂമുകൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി സി ഡാക് സാങ്കേതിക സംവിധാനങ്ങൾ ഒരുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് പദ്ധതി പൂർണമായി മാറ്റാനും പൊലീസ് മാത്രം കുട്ടികളുടെ വിളികൾ കൈകാര്യം ചെയ്യാനുമായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇതു സംബന്ധിച്ച പരാതി വ്യാപകമായതിനെ തുടർന്നാണ് ചർച്ചകൾക്കൊടുവിൽ വനിത ശിശുവികസന വകുപ്പിന്റെ കൂടി കൺട്രോൾ റൂമുകൾ തുറക്കുന്നത്. കൺട്രോൾ റൂമുകൾ ഒരുക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ വിതരണം മൂന്നു ഘട്ടമായാണ് പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിലെ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 1098 എന്ന നമ്പർ നിലനിർത്തുമെങ്കിലും പിന്നീട് ഇത് അവസാനിക്കും എന്നാണ് സൂചന. 112 എന്ന പൊലീസ് നമ്പറിലാവും കോളുകൾ സ്വീകരിക്കുക.

Latest News