Monday, November 25, 2024

ഇറാനിൽ ജയിലിലായ സ്ത്രീകളെ ശാരീരിക–ലൈംഗിക പീഡനത്തിന് ഇരകളാക്കുന്നതായി റിപ്പോർട്ട്

ഇറാനിൽ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകൾ ക്രൂരമായ ശാരീരിക–ലൈംഗിക പീഡനത്തിന് ഇരകളാകുന്നതായി റിപ്പോർട്ട്. ഡിഫന്റേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ ഡയറക്ടറും സ്ത്രീ അവകാശ സംരക്ഷകയുമായ നർഗീസ് മൊഹമ്മദി ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

പ്രതിഷേധ പ്രകടനത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളെ വിവിധ ജയിലുകളിലേക്കു മാറ്റുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും അവരെ ശാരീരിക-ലൈംഗിക പീഡനത്തിന് ഇരകളാക്കുന്നതായി ബിബിസി- ക്ക് അയച്ച കത്തിലാണ് നർഗീസ് വെളിപ്പെടുത്തിയത്. “എവിൻ ജയിലിലേക്കു മാറ്റുന്നതിനിടെ കാറിൽ വച്ച് പ്രമുഖയായ ഒരു ആക്ടിവിസ്റ്റിനെ ശാരീരികപീഡനത്തിന് ഇരയാക്കി. അവർ നേരിടേണ്ടിവന്ന ക്രൂരതകളുടെ തെളിവുകൾ അവരുടെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. മോട്ടോർ ബൈക്കിൽ ജയിലിലേക്കു മാറ്റുന്നതിനിടെ രണ്ട് സുരക്ഷാജീവനക്കാർ മറ്റൊരു സ്ത്രീയെയും ലൈംഗികാതിക്രമത്തിന് ഇരയാക്കി” – കത്തിൽ നർഗീസ് വെളിപ്പെടുത്തുന്നു. ഇറാനിലെ വനിതാ അവകാശ പ്രവർത്തകർ, പ്രതിഷേധക്കാർ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ ഭരണകൂടം തുടരുകയാണെന്നും സ്ത്രീകളുടെ ഭാഗമാകും വിജയിക്കുക എന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

22- കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധക്കാരെ തൂക്കിലേറ്റിയത് അടക്കമുള്ള ഇറാൻ ഭരണകൂടത്തിന്റെ നടപടികളിൽ ലോകരാഷ്ട്രങ്ങൾ ഇതിനോടകം തന്നെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന എന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് അറസ്റ്റ് ചെയ്യപ്പെട്ട ആളുകൾക്കു നേരെയുള്ള ക്രൂരതകളിൽ ഏറെയും.

Latest News