Monday, November 25, 2024

കോവിഡ് പ്രതിരോധം: മോക്ഡ്രിൽ പുരോഗമിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിലുള്ള ആശങ്കകൾക്കിടെ രാജ്യ വ്യാപകമായി നടക്കുന്ന മോക്ഡ്രിൽ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഐസൊലേഷൻ കിടക്കകൾ, ഓക്‌സിജൻ പ്ലാന്റ്, വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം അടക്കമുള്ളവ ഉറപ്പാക്കാനാണ് കേന്ദ്രത്തിൻറെ നിർദ്ദേശം.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻറെ ഭാഗമായിട്ടാണ് മോക്ടഡ്രിൽ നടത്തുന്നത്. ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം അതത് ജില്ലാ കളക്ടർമാരുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നാണ് നിർദ്ദേശങ്ങളിൽ പറയുന്നത്.

ആശുപത്രികളിൽ വെന്റിലേറ്ററുകൾ, പിപിഇ കിറ്റുകൾ, എൻ 95 മാസ്‌കുകൾ ജീവൻ രക്ഷാമരുന്നുകൾ, ടെലിമെഡിസിൻ സേവനങ്ങൾ, മെഡിക്കൽ ഓക്‌സിജൻ തുടങ്ങി അത്യവശ്യ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും നിർദ്ദേശമുണ്ട്. അഡ്വാൻസ്ഡ്, ബേസിക് ലൈഫ് സപ്പോർട്ട് (ALS/BLS) ആംബുലൻസുകളുടെ ലഭ്യത, മറ്റ് ആംബുലൻസുകളുടെ ലഭ്യത, ആംബുലൻസ് കോൾ സെന്ററിന്റെ ലഭ്യത എന്നിവ മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് പരിശോധിച്ച് വിലയിരുത്തും. ടെസ്റ്റിംഗ് കപ്പാസിറ്റി പരിശോധിക്കുകയും കോവിഡ് പരിശോധനാ ലബോറട്ടറികളുടെ ശേഷി, ആർടി-പിസിആർ, റാറ്റ് കിറ്റുകളുടെ ലഭ്യത, ടെസ്റ്റിംഗ് ഉപകരണങ്ങളുടെ ലഭ്യത എന്നിവ മോക്ഡ്രില്ലുകളിലൂടെ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും.

ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തുടങ്ങി വിവിധ രാജ്യങ്ങളിൽ കോവിഡ് ബിഎഫ് 7വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ തയ്യാറെടുപ്പുകളായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി അന്താരാഷ്ട്ര യാത്രക്കാർക്ക് RT-PCR ടെസ്റ്റ് സർക്കാർ നിർബന്ധമാക്കിയിരുന്നു.

Latest News