Monday, November 25, 2024

ഡെബോറ ഇമ്മാനുവൽ: പീഡിപ്പിക്കപ്പെടുന്ന നൈജീരിയൻ ക്രൈസ്തവരുടെ പ്രതീകമായ പെൺകുട്ടി

നൈജീരിയയിലെ ലാഗോസിൽ, കൊല്ലപ്പെട്ട ഡെബോറ ഇമ്മാനുവൽ എന്ന പെൺകുട്ടി ആധുനിക ലോകത്തിലെ ഒരു രക്തസാക്ഷിയാണ്. നൈജീരിയയിൽ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന പലരിൽ ഒരാൾ മാത്രമാണ് ഡെബോറ. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലാണ് ഈ യുവതിയും കൊല്ലപ്പെട്ടത്.

നൈജീരിയൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരുന്ന ഡെബോറ കൊല്ലപ്പെടുമ്പോൾ വെറും 22 വയസായിരുന്നു അവളുടെ പ്രായം. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ഒരു പാവപ്പെട്ട പെൺകുട്ടി. അവൾ ക്രിസ്തുവിൽ വിശ്വസിച്ചു. അവളുടെ കോളേജിലെ ക്രിസ്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷനിൽ അംഗമായിരുന്നു അവൾ. എല്ലാ കാര്യങ്ങളിലും വളരെ ചുറുചുറുക്കോടെ അവൾ പ്രവർത്തിച്ചിരുന്നു. ഒരു പരീക്ഷയിൽ വിജയിക്കാൻ സാധിച്ചത് യേശുവിലുള്ള വിശ്വാസം കൊണ്ടാണ് എന്നും യേശു തന്നെ സഹായിച്ചെന്നും ‘അവനാണ് ഏറ്റവും വലിയവൻ’ എന്നും അവൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഈ ഒരൊറ്റ കാരണത്താൽ അവൾ അവിടുത്തെ ഇസ്‌ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടായി മാറി. 2022 മെയ് 12- ന് അവളുടെ മേൽ അവർ മതനിന്ദ ആരോപിച്ചു.

അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നിന്നും ഡെബോറയെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ സംരക്ഷിച്ചു എന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ പിന്നീട് വിദ്യാർത്ഥികൾ തന്നെ ഡെബോറയെ, കോളേജ് അധികൃതർ ഒളിപ്പിച്ച സുരക്ഷാമുറിയിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടു പോകുകയും ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്യുകയായിരുന്നു. നിയമപാലകരുടെ കൺമുന്നിൽ വച്ചുതന്നെ ആ പെൺകുട്ടിയെ വടിയും ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡെബോറയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നൈജീരിയയിൽ ക്രിസ്തുവിനു വേണ്ടി കൊല്ലപ്പെടുന്ന ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധി മാത്രമാണവൾ.

മതസ്വാതന്ത്ര്യ നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നൈജീരിയയിൽ ഓരോ രണ്ടു മണിക്കൂറിലും ഒരു ക്രിസ്ത്യാനി വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നു; അതായത് ഒരു ദിവസം ഏകദേശം 13 ക്രിസ്ത്യാനികളും ഒരു മാസത്തിൽ 372 ക്രിസ്ത്യാനികളും. 2022- ലെ വേൾഡ് വാച്ച് ലിസ്റ്റിനായുള്ള ഗവേഷണം വെളിപ്പെടുത്തുന്നത്, 2021- ൽ, മറ്റേതൊരു രാജ്യത്തേക്കാളും നൈജീരിയയിൽ വിശ്വാസത്തിന്റെ പേരിൽ കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം, ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ മരണങ്ങളിൽ 80 ശതമാനവും നൈജീരിയയിൽ ആയിരുന്നു. 4,650- ലധികം വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

Latest News