ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കടുത്ത ആശങ്കയ്ക്ക് വകയില്ലെന്നു വെളിപ്പെടുത്തി കേന്ദ്ര കോവിഡ് പാനൽ മേധാവി എൻ.കെ. അറോറ. ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നത് മുൻകരുതൽ നടപടികൾ മാത്രമാണെന്നും അറോറ വ്യക്തമാക്കി.
ചൈനയിൽ ഒമിക്രോൺ ബിഎഫ്-7 വകഭേദത്തിനു പുറമെ മറ്റ് മൂന്ന് വകഭേദങ്ങൾ കൂടി പടരുന്നതാണ് സാഹചര്യം വഷളാക്കിയതെന്നും കേന്ദ്ര കോവിഡ് പാനൽ വിലയിരുത്തുന്നു. കോവിഡ് ഒന്നും രണ്ടും തരംഗത്തിനു ശേഷവും വാക്സിനിലൂടെയും ഇന്ത്യക്കാർ അണുബാധക്കെതിരെ ശക്തമായ പ്രതിരോധശേഷി നേടിയെടുത്തു. അതുകൊണ്ടു തന്നെ ചൈനയിലേതിനു സമാനമായ രോഗവ്യാപനം രാജ്യത്തുണ്ടാകാൻ സാധ്യതയില്ല. ഏറെക്കാലത്തെ അടച്ചുപൂട്ടലും വാക്സിന്റെ കാര്യശേഷി ഇല്ലായ്മയുമാണ് ചൈനയിൽ വില്ലനായതെന്നും കോവിഡ് പാനൽ ചൂണ്ടിക്കാട്ടുന്നു.
97 % ഇന്ത്യക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണ്. 12 വയസിനു താഴെയുള്ള 96 % കുട്ടികളും കോവിഡ് ബാധ മറികടന്നവരായതിനാൽ തന്നെ ഇനി ഭയപ്പെടാനില്ലെന്നാണ് കരുതുന്നത്.