ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചെസ്സ് താരം സാറ കദം. ഹിജാബ് ധരിക്കാതെ കസഖ്സ്ഥാനിൽ നടക്കുന്ന ഫിഡെ ലോക ചെസ്സ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ടാണ് താരം തന്റെ പിന്തുണ അറിയിച്ചത്. ചാംപ്യൻഷിപ്പിൽ സാറ ശിരോവസ്ത്രം ധരിക്കാതെ മത്സരിക്കുന്ന ചിത്രം ഇറാനിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
സാറ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ്യാന്തര തലത്തിൽ 804 റാങ്ക് ആണ് സാറയ്ക്കുള്ളത്. മഹ്സ അമിനി (22) മരിച്ചതിനെ തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭം 100 ദിവസം പിന്നിട്ടിരിക്കുകയാണ്. അതിനിടെ, രാജ്യാന്തര ഫുട്ബോൾ താരം അലി ദേയിയുടെ (53) ഭാര്യയും മകളും രാജ്യം വിടുന്നത് ഇറാൻ തടഞ്ഞിരുന്നു. പ്രക്ഷോഭത്തെ പിന്തുണച്ച വ്യക്തിയാണ് അലി ദേയി.
മുൻപും പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് കായികതാരങ്ങൾ രംഗത്തെത്തിയിരുന്നു. ദോഹയിൽ ലോകകപ്പ് മത്സരത്തിൽ ദേശീയഗാനം ആലപിക്കാതെയാണ് ഫുട്ബോൾ ടീം പ്രതിഷേധിച്ചത്. കൂടാതെ, ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടന്ന കായികമേളയിൽ ക്ലൈംബിങ് വിഭാഗത്തിൽ എൽനാസ് റെഖാബി ശിരോവസ്ത്രം ധരിക്കാതെ പങ്കെടുത്തിരുന്നു.