Monday, November 25, 2024

മരണഭൂമിയായി കേഴ്‌സൺ; ചുട്ടെരിക്കാൻ റഷ്യ: ഭീതി നിറയുന്ന ഉക്രൈൻ കാഴ്ചകൾ

“മുമ്പ്, അവർ (റഷ്യൻ സേന) ഒരു ദിവസം ഏഴു മുതൽ 10 തവണ വരെ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇപ്പോൾ അത് 70-80 തവണയാണ്. ചിലപ്പോൾ ദിവസം മുഴുവൻ ആക്രമണം നീളും. ഇത് വളരെ ഭയാനകമാണ്. ഞാൻ ഉക്രൈനെയും എന്റെ പ്രിയപ്പെട്ട നഗരത്തെയും സ്നേഹിക്കുന്നു. പക്ഷേ, ഇവിടം വിട്ടുപോകാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്” – ഉക്രൈനിലെ എലീന എന്ന വീട്ടമ്മയുടെ വാക്കുകളാണ് ഇത്. ഒരു മിസൈൽ ആക്രമണത്തിന്റെയോ, ഷെല്ലാക്രമണത്തിന്റെയോ രൂപത്തിൽ ഏതു സമയവും തങ്ങളിലേക്ക് ആഗതമാകുന്ന മരണത്തെ കാത്തിരിക്കുന്ന ജനതയുടെ പ്രതീകമാണ് എലീന. റഷ്യ, കേഴ്‌സണിൽ ആക്രമണം ശക്തമാക്കിയപ്പോൾ മുതൽ ആളുകൾ മരണഭയത്താൽ നാടുവിടുകയാണ്. റഷ്യ ആക്രമണം ശക്തമാക്കിയതോടെ എലീനയും കുടുംബവും ഒപ്പം നിരവധി ആളുകളുമാണ് തങ്ങളുടെ പ്രിയനഗരവും സ്വത്തും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായത്.

റഷ്യൻ സൈന്യം നഗരത്തിലെ ബോംബാക്രമണത്തിന്റെ തീവ്രത കുത്തനെ വർദ്ധിപ്പിച്ചതിനു ശേഷം ക്രിസ്തുമസ് ദിനം മുതൽ കേഴ്‌സണിൽ നിന്നു പുറപ്പെട്ട 400- ലധികം ആളുകളിൽ എലീനയും അവളുടെ മൂന്ന് പെൺമക്കളും ഉൾപ്പെടുന്നു. ലോകം പ്രതീക്ഷകളോടെ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഇവർ പലായനത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. സന്തോഷത്തിനു പകരം ആശങ്കയും ഭയവും നിരാശയുമായിരുന്നു ക്രിസ്തുമസ് ദിനത്തിൽ ഇവരുടെ മനസിൽ നിറഞ്ഞിരുന്നത്.

പല ആളുകളെയും ഗവണ്മെന്റിന്റെ നേതൃത്വത്തിൽ തന്നെ കേഴ്‌സണിൽ നിന്ന് മാറ്റിത്തുടങ്ങി. മറ്റു ചിലർ ബന്ധുവീടുകളിലേക്കും മാറുന്നു. എലീനയും കുടുംബവും സെൻട്രൽ ഉക്രൈനിലെ ക്രൈവി റിഹ് എന്ന നഗരത്തിലേക്കാണ് മാറിയിരിക്കുന്നത്. അവിടെ അവർക്ക് ബന്ധുക്കളുള്ളതിനാൽ താൽക്കാലികമായി അവിടെ താമസിക്കാൻ ഇവർ ഉദ്ദേശിക്കുന്നു. എങ്കിലും ചാരമായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ നഗരം, വീട്, വസ്തുക്കൾ… എല്ലാം ഇവരുടെ മനസിൽ ഒരു കനലായി അവശേഷിക്കുന്നു.

കേഴ്‌സൺ നഗരത്തെ ലക്ഷ്യം വയ്ക്കുന്ന റഷ്യ

കേഴ്‌സൺ തന്ത്രപ്രധാനമായ ഒരു പ്രദേശമാണ്. ഇതിനെ പലപ്പോഴും ക്രിമിയയിലേക്കുള്ള ഗേറ്റ്‌വേ എന്നു വിളിക്കുന്നു. അതിനാൽ തന്നെ കേഴ്‌സണിൽ നിന്ന് പിൻവാങ്ങിയെങ്കിലും തിരികെ ആക്രമണം ശക്തമാക്കാൻ റഷ്യയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും ഇതു തന്നെയാണ്. കേഴ്‌സണിലേക്കുള്ള തിരിച്ചുവരവിന് റഷ്യ ശ്രമിക്കുന്നതിനു പിന്നിലെ ലക്ഷ്യം കൃത്യമായും എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും ഈ മേഖലയിൽ ആക്രമണം കനപ്പിച്ചിരിക്കുകയാണ് റഷ്യ. ഷെല്ലുകൾക്കു പുറമേ തീ തുപ്പുന്ന ആയുധങ്ങളും ഇവിടെ പ്രയോഗിക്കപ്പെടുന്നു. അത് കേഴ്‌സൺ നഗരത്തിനു മുകളിൽ ഒരു തീമഴയായി പെയ്യുകയാണ്.

മോർട്ടാർ ഷെൽ ആക്രമണങ്ങളുടെ നിരന്തരമായ ശബ്ദം ഇവിടെ ഉയരുകയാണ്. ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിലും സാധാരണക്കാർ കൊല്ലപ്പെടുന്നു, വീടുകൾ തകർക്കപ്പെടുന്നു. എന്തിന്, റഷ്യൻ ആക്രമണം ലക്ഷ്യം വച്ചത് ഒരു പ്രസവാശുപത്രയെ കൂടെയാണ് എന്നത് ആക്രമണകാരികളുടെ ക്രൂരത വർദ്ധിപ്പിക്കുന്നു. തെരുവിലായാലും വീടിനുള്ളിലായാലും ഇവിടെ അതിജീവിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്.

മരണങ്ങളുടെ നടുവിലെ ജീവിതം

മുപ്പത്തിയൊൻപതുകാരിയായ റെഡ് ക്രോസ് വോളണ്ടിയർ വിക്ടോറിയ യാരിഷ്‌കോയും റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വിക്ടോറിയയ്ക്ക് ലഭിച്ച മെഡൽ അവളുടെ അമ്മ ലിയുഡ്മില ബെറെഷ്ന നെഞ്ചോടു ചേർത്ത് തേങ്ങുകയാണ്. “അവൾ ഒരുപാട് ആളുകളെ സഹായിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവൾ വളരെ ദയയുള്ളവളായിരുന്നു. എന്നാൽ, അവളുടെ വേർപാട് വേദനാജനകമാണ്. എനിക്ക് അവളുടെ രണ്ട് മക്കളെ സുരക്ഷിതരായി വളർത്തണം. അവരുടെ അമ്മ ഒരു ഹീറോ ആയതിനാൽ അവർ അഭിമാനിക്കണം എന്ന് ഞാൻ അവരോട് പറയുകയാണ് ഇന്ന്” – ലിയുഡ്മില ഇത് പറയുമ്പോൾ അവളുടെ അമ്മമനം വിങ്ങുകയാണ്.

“നമുക്ക് വളരെ അടുപ്പമുള്ള ഒരാൾ മരിക്കുക എന്നത് ഏറെ വേദന നിറഞ്ഞ ഒരു കാര്യമാണ്. പക്ഷേ, ഞങ്ങൾക്ക് വെറുതെ ഇരിക്കാൻ കഴിയില്ല. ആളുകൾ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു” – വിക്ടോറിയയുടെ സുഹൃത്ത് പറയുന്നു. അതെ, മരണങ്ങൾ കൂടുമ്പോഴും ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും ഉക്രൈൻ ഒക്കെട്ടായി നിൽക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ച് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകി അവർ കുതിക്കുകയാണ്, വിജയം എന്ന പ്രതീക്ഷയിലേക്ക്.

Latest News