Tuesday, November 26, 2024

2022 -ൽ ലോകത്താകമാനമായി കൊല്ലപ്പെട്ടത് 12 വൈദികരും അഞ്ച് സന്യാസിനികളും

2022 അവസാനിക്കുമ്പോൾ, ലോകത്താകമാനം കൊല്ലപ്പെട്ടത് പന്ത്രണ്ട് വൈദികരും അഞ്ച് സന്യാസിനികളുമാണ്. നൈജീരിയ ആണ് ഏറ്റവും കൂടുതൽ വൈദികർ കൊല്ലപ്പെട്ട രാജ്യം. ഒരു വർഷത്തിനിടെ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത് നാല് വൈദികരാണ്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) -ന്റെ റിപ്പോർട്ട് അനുസരിച്ചാണ് പുതിയ വെളിപ്പെടുത്തൽ.

“അജപാലന പ്രവർത്തനങ്ങൾക്കിടെ കൊല്ലപ്പെട്ട മറ്റ് വൈദികർ മെക്സിക്കോയിലാണ്. ഇവിടെ മൂന്ന് വൈദികരെയാണ് മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങൾ ക്രൂരമായി കൊലപ്പെടുത്തിയത്. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ രണ്ട് വൈദികരെ വെടി വച്ച് കൊലപ്പെടുത്തി. 2022 ജൂണിൽ ഹെയ്തിയിൽ കൊല്ലപ്പെട്ട സന്യാസിനിയാണ് സി. ലൂയിസ ഡെൽ’ഓർട്ടോ. ദക്ഷിണ സുഡാനിൽ ആഗസ്റ്റിൽ കൊല്ലപ്പെട്ട രണ്ട് സന്യാസിനിമാരാണ് സി. മേരി ഡാനിയൽ അബുട്ടും സി. റെജീന റോബയും. സെപ്റ്റംബറിൽ മൊസാംബിക്കിൽ കൊല്ലപ്പെട്ട സന്യാസിനിയാണ് സി. മാരി ഡി കോപ്പി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സിസ്റ്റർ മേരി-സിൽവി വകത്സുരാക്കി എന്ന ഒരു സന്യാസിനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

2022- ൽ ക്രൈസ്തവർക്ക് ഏറ്റവും ആശങ്ക നിറഞ്ഞ രാജ്യം നിക്കരാഗ്വ

2022- ൽ നിക്കരാഗ്വ വളരെ ആശങ്കാജനകമായ ഒരു രാജ്യമായി മാറിയെന്ന് എസിഎൻ മുന്നറിയിപ്പ് നൽകുന്നു. കാരണം, കത്തോലിക്കാ സഭയുമായുള്ള സർക്കാർ സംഘട്ടനത്തിനിടെ പതിനൊന്നോളം പേർ അറസ്റ്റിലായിട്ടുണ്ട്. അവരിൽ രണ്ട് സെമിനാരിക്കാരും ഒരു ഡീക്കനും ഒരു ബിഷപ്പും ഏഴ് വൈദികരും ഉൾപ്പെടുന്നു. വൈദികർ, തങ്ങളുടെ ഇടവകയിൽ നിന്ന് പുറത്തുപോകുന്നത് സർക്കാർ തടഞ്ഞിരിക്കുകയാണ്. പത്തോളം വൈദികർ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുന്നതിൽ നിന്നും അവരെ തടഞ്ഞിട്ടുണ്ട്.

2022- ൽ 40- ലധികം വൈദികരെ തട്ടിക്കൊണ്ടു പോയി

2022- ൽ മാത്രം 42 വൈദികരെ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അവരിൽ 36 പേരെ വിട്ടയച്ചു. നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മറ്റ് മൂന്നു പേരെ കണ്ടെത്താനായിട്ടില്ലെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ സൂചിപ്പിക്കുന്നു. ഇവരിൽ രണ്ടു പേരെ നൈജീരിയയിൽ നിന്നും ഒരാളെ മാലിയിൽ നിന്നും തട്ടിക്കൊണ്ടു പോയതാണ്. 2019- ൽ തട്ടിക്കൊണ്ടു പോയി ഇപ്പോഴും മോചിതനാകാത്ത ബുർക്കിന ഫാസോയിൽ നിന്നുള്ള ഫാ. ജോയൽ യൂഗ്ബറേയും നൈജീരിയയിൽ നിന്നുള്ള ഫാ. ജോൺ ഷെക്വോലോയും ഈ കണക്കുകളിൽ ഉൾപ്പെടുന്നു.

2022- ൽ 28 കേസുകളിലായി വൈദികരെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടു പോകുന്ന രാജ്യം നൈജീരിയ ആണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കാമറൂണിൽ നിന്നും ആറ്, ഹെയ്തിയിൽ അഞ്ച്, എത്യോപ്യ, ഫിലിപ്പീൻസ്, മാലി എന്നിവിടങ്ങളിൽ നിന്നും ഓരോ വൈദികരെ വീതം തട്ടിക്കൊണ്ടു പോയിട്ടുണ്ട്. സന്യാസിനികളെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടു പോയതും നൈജീരിയയിൽ നിന്നാണ്. 2022- ൽ ഏഴ് പേരെയാണ് തട്ടിക്കൊണ്ടു പോയത്. ബുർക്കിന ഫാസോയിൽ നിന്നും കാമറൂണിൽ നിന്നും ഓരോരുത്തരെ വീതം തട്ടിക്കൊണ്ടു പോയിട്ടുണ്ട്. അവർ എല്ലാവരും മോചിതരായി.

തടവിലാക്കപ്പെട്ട വൈദികരും ബിഷപ്പുമാരും

നിക്കരാഗ്വയിൽ വൈദികരെ തടവിലാക്കിയതിനു പുറമെ മറ്റു രാജ്യങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യ അധിനിവേശ ഉക്രൈനിൽ ജോലി ചെയ്തിരുന്ന ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക് സഭയിലെ നാല് പുരോഹിതന്മാരും അജപാലന പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. “രണ്ടു പേർ ഉക്രേനിയൻ പ്രദേശത്തേക്ക് നാടുകടത്തപ്പെട്ടവരാണ്. മറ്റുള്ളവർ തടങ്കലിൽ തുടരുകയും തീവ്രവാദ കുറ്റം ചുമത്തപ്പെടുകയും ചെയ്തവരാണ്. അവർ ജയിലിൽ പീഡിപ്പിക്കപ്പെടുമോ എന്ന ഭയമുണ്ട്” – പൊന്തിഫിക്കൽ ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകുന്നു.

അതുപോലെ, എറിത്രിയയിൽ നിന്നുള്ള ഒരു ബിഷപ്പിന്റെയും രണ്ട് വൈദികരുടെയും തിരോധാനവും തടവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മ്യാന്മറിൽ നിന്നും ഒരു പുരോഹിതനെ അറസ്റ്റ് ചെയ്തു. ചൈനയിൽ തടങ്കലിൽ വച്ചിരിക്കുന്ന കത്തോലിക്കാ പുരോഹിതരുടെയും ബിഷപ്പുമാരുടെയും എണ്ണം തിട്ടപ്പെടുത്തുക പോലും അസാധ്യമാണ്. ഇവിടെ 2022 ജനുവരി മുതൽ മെയ് വരെ, കുറഞ്ഞത് പത്ത് പുരോഹിതരെങ്കിലും അപ്രത്യക്ഷരായി. അവരെക്കുറിച്ച് ഇതുവരെയും യാതൊരു അറിവുമില്ല.

Latest News