2022 കടന്നു പോകുമ്പോൾ ലോകത്താകമാനമായി പതിനഞ്ചു കോടിയോളം കുട്ടികൾ വിവിധ സംഘർഷങ്ങൾക്ക് ഇരയായതായി ‘സേവ് ദി ചിൽഡ്രൻ’ സംഘടനാ വെളിപ്പെടുത്തുന്നു. യുദ്ധം, കാലാവസ്ഥാ മാറ്റം, സാമ്പത്തിക പ്രതിസന്ധി, ആഭ്യന്തര കലഹങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രതിസന്ധികൾ കുട്ടികളെയും സാരമായി ബാധിച്ചതായി സംഘടനാ വെളിപ്പെടുത്തി. ഡിസംബർ 27-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ലോകത്ത് കുട്ടികൾ അനുഭവിച്ചുവരുന്ന പ്രതിസന്ധികളുടെ രൂക്ഷതയിലേക്ക് അവർ വിരൽ ചൂണ്ടിയത്.
പ്രതിസന്ധികൾ കുട്ടികളുടെ ജീവിതത്തെ മോശമായ രീതിയിൽ ബാധിച്ച രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാനും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുമാണ് മുൻപന്തിയിൽ. ജീവകാരുണ്യ സംഘടനകളുടെ സഹായം അപേക്ഷിക്കേണ്ടിവന്ന കുട്ടികളുടെ എണ്ണത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ ആഗോള മാനവിക അവലോകനം എന്ന റിപ്പോർട്ട് പ്രകാരം, ഈ വർഷത്തിന്റെ അവസാനത്തോടെ 14.9 കോടി കുട്ടികൾ ജീവകാരുണ്യ സേവനങ്ങൾ തേടേണ്ടിവരുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇത് 12.3 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കഠിനവും നീണ്ടുനിൽക്കുന്നതുമായ സംഘർഷങ്ങൾ, കാലാവസ്ഥാ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ലോകത്തെമ്പാടും കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുകയായിരുന്നു.