സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളോടെ കോഴിക്കോട് ജില്ല ഒരുങ്ങി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് കലോത്സവത്തിന് അരങ്ങുണരുന്നത്. ജനുവരി മൂന്ന് മുതൽ ഏഴു വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം.
രണ്ട് വർഷത്തെ കോവിഡ് കാല ഇടവേളക്ക് ശേഷമുള്ള ആദ്യ കലോത്സവം കെങ്കേമമാക്കാനാണ് ആതിഥേയരായ കോഴിക്കോട് ജില്ല തയ്യാറെടുക്കുന്നത്. അതിനുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുൻപേ പൂർത്തീകരിച്ചിരിക്കുകയാണ് സംഘാടകർ. വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പൂർണ്ണമായും ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
23 വേദികളിലായി 14,000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. പ്രധാന വേദിയായ വിക്രം മൈതാനിയിൽ 15,000 ത്തോളം കാണികൾക്ക് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നു. ശുചിമുറികൾ ഉൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റു വേദികളിലും സമാനമായ സൗകര്യങ്ങളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മത്സരങ്ങൾ അരങ്ങേറുന്ന 23 വേദികളേയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് 30 കലാവണ്ടികളും സജ്ജമാക്കിയിട്ടുണ്ട്.
ജനുവരി രണ്ടിന് കാലോത്സവത്തിനുള്ള രജിസ്ട്രേഷൻ മോഡൽ സ്കൂളിൽ ആരംഭിക്കും. താമസ സൗകര്യങ്ങൾ ആവശ്യമുള്ള കുട്ടികൾക്കായി ഇരുപത് സ്കൂളുകളും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ദിനമായ ജനുവരി മൂന്നിന് പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവത്തിന് തിരിതെളിക്കുന്നത്. കലോത്സവം റെക്കോർഡ് ചെയ്യുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
അതേസമയം ഈ വർഷം ഘോഷയാത്ര ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി. മറിച്ച് ഒന്നാം സ്ഥാനക്കാർക്കുള്ള സ്വർണ്ണകപ്പിന് ആഘോഷമായ സ്വീകരണം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ എ ഗ്രേഡ് നേടുന്ന കലാപ്രതിഭകൾക്ക് 1,000 രൂപായുടെ സ്കോളർഷിപ്പ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് സുരക്ഷ കണക്കിലെടുത്ത് മാസ്ക്, സാനിട്ടൈസർ എന്നിവ കലോത്സവ വേദികളിൽ നിർബന്ധമാക്കും.