Thursday, February 27, 2025

മോക്ക്ഡ്രില്ലിനിടയിൽ യുവാവ് മരിച്ച സംഭവം: വിശദീകരണവുമായി റവന്യു മന്ത്രി

മോക്ക്ഡ്രില്ലിനിടയിൽ യുവാവ് മരിച്ച സംഭവത്തിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനുള്ള മോക്ക്ഡ്രില്ലിനിടയിലാണ് ഇന്നലെ പത്തനംതിട്ട സ്വദേശി ബിജു സോമൻ മുങ്ങിമരിച്ചത്. തുടർന്ന് മോക്ക്ഡ്രിൽ സംഘാടകരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുവാവ് മുങ്ങിത്താഴ്ന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയില്ലെന്നും രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് പ്രവർത്തനരഹിതമാണെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സംഘാടകർക്കെതിരെ ഉയർന്നത്.

അതേ സമയം സംഘാടകർക്ക് വീഴ്ച്ചയുണ്ടായി എന്ന ആരോപണങ്ങളെ തള്ളിയാണ് റവന്യു മന്ത്രി രംഗത്തെത്തിയത്. “മോക്ക്ഡ്രില്ലിനിടയിൽ യുവാവ് കുഴഞ്ഞുവീണതായാണ് പ്രാഥമിക വിവരം. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ല. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്” – മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 70 താലൂക്കുകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിനായുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലായിരുന്നു മോക്ക്ഡ്രിൽ.

Latest News