Thursday, February 27, 2025

ഫ്ലാഗ് ഓഫ് ചെയ്ത് വന്ദേഭാരത് എക്സ്പ്രസ്

പശ്ചിമ ബംഗാളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.30 ന് ഓൺലൈനായാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നടത്തിയത്. ഹൗറ-ന്യൂ ജൽപായ്ഗുരി റൂട്ടിലായിരിക്കും പശ്ചിമബംഗാളിലെ ആദ്യ സെമി ഹൈ സ്പീഡ് എക്സ്പ്രസ് സർവീസ് നടത്തുക.

“വന്ദേമാതരം എന്ന വാക്കുകൾ പിറന്ന നാടിന് കേന്ദ്ര സർക്കാർ നൽകുന്ന സമ്മാനമാണ് വന്ദേഭാരത് എക്സ്പ്രസ്,”- ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ചടങ്ങിലെത്തിയത്. ബംഗാളിൽ എത്തി ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള ഖേദവും പ്രധാനമന്ത്രി രേഖപ്പെടുത്തി. കൂടാതെ ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷൻറെ പുനർ നവീകരണത്തിനുള്ള ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം ഓൺലൈനായി നിർവഹിച്ചു.

അതേസമയം രാജ്യത്തെ ഏഴാമത്തെ വന്ദേ ഭാരത് ട്രെയിനാണ് പശ്ചിമബംഗാളിലേത്. ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിൻ ഏഴരമണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിലെത്തും. വടക്കൻ ബംഗാൾ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് ഹൗറയിൽ തിരിച്ചെത്തും.

Latest News