ലോകത്ത് സർക്കാർ സംവിധാനങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങൾ കൂടതൽ നടന്നത് ഇന്ത്യയിലാണെന്ന് പുതിയ റിപ്പോർട്ട്. സൈബർ സുരക്ഷാസ്ഥാപനമായ ക്ലൗഡ്സെക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ഇന്ത്യക്കു പുറമെ യുഎസ്, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളും വ്യാപകമായി സൈബർ ആക്രമണങ്ങൾക്ക് ഇരകളാകുന്നുണ്ട്.
ആകെ സൈബർ ആക്രമണങ്ങളുടെ 45 ശതമാനവും ഈ നാല് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു. 2022- ലെ രണ്ടാം പകുതിയിലെ കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ആഗോളതലത്തിൽ സർക്കാരുകൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ ഇരട്ടിച്ചതായും ക്ലൗഡ്സെക് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ സർക്കാരിനെതിരെയുള്ള സൈബർ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. മുൻവർഷം 6.3% ആയിരുന്ന ഈ കണക്ക് 13.7 ശതമാനമായി ഉയർന്നു. യുഎസിലും ഇന്തോനേഷ്യയിലും ഇത്തരം സംഭവങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 2022- ൽ സർക്കാർ മേഖലയിൽ നടന്ന സൈബർ ആക്രമണങ്ങളിൽ ഒൻപത് ശതമാനം ഹാക്ക്ടിവിസം ആയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഹാക്കറുടെ പ്രചോദനം സാമ്പത്തികനേട്ടങ്ങളല്ല, മറിച്ച് ഒരു രാഷ്ട്രീയ അജണ്ടയോ, ചില നയങ്ങൾക്കെതിരായ പ്രതിഷേധമോ ആണ്.