കൊറിയൻ ഉപദ്വീപിന്റെ കിഴക്ക് കടലിലേക്ക് മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമാതിർത്തിയിലേക്ക് ഡ്രോണുകൾ പറത്തിയ സംഭവത്തിനു ഏതാനും ദിവസങ്ങൾക്കു ശേഷവും ആണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം മുമ്പത്തേക്കാൾ കൂടുതൽ മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. എന്നാൽ ഈ മിസൈൽ ആക്രമണം യുഎസിനോ സഖ്യകഷികൾക്കോ ഭീഷണി ഉയർത്തുന്നില്ലെന്ന് വാഷിംഗ്ടൺ വ്യക്തമാക്കി. മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രാദേശിക സമയം ഏകദേശം 08:00 മുതലാണ് തലസ്ഥാനമായ പ്യോങ്‌യാങ്ങിന്റെ തെക്ക്, വടക്കൻ ഹ്വാങ്ഹേ പ്രവിശ്യയിൽ നിന്ന് തൊടുത്തതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വെളിപ്പെടുത്തി.
ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ (കൾ) വിക്ഷേപണം കൊറിയൻ ഉപദ്വീപിലെയും അന്താരാഷ്ട്ര സമൂഹത്തിലെയും സമാധാനവും സ്ഥിരതയും തകർക്കുന്ന ഗുരുതരമായ പ്രകോപനമാണ് എന്ന് ദക്ഷിണ കൊറിയ ചൂണ്ടിക്കാട്ടി. മിസൈലുകൾ ഏകദേശം 350 കിലോമീറ്റർ പറന്നതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.