ഡോണെട്‌സ്‌കിലെ മകീവ്കയില്‍ താല്‍ക്കാലിക സൈനിക കേന്ദ്രത്തിന് നേരെ യുക്രൈന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ 63 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ. യുഎസ് നിര്‍മിതമായ ഹിമാര്‍സ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രൈന്‍ സൈന്യം ഏറ്റെടുത്തു. അതേസമയം മകീവ്കയിലെ ആക്രമണത്തില്‍ 400 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായാണ് യുക്രൈന്‍ അവകാശപ്പെട്ടത്. മുന്നൂറോളം സൈനികര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ അവകാശപ്പെട്ടു.
മകീവ്കയില്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം യുക്രൈന്‍ ആക്രമണത്തില്‍ തകര്‍ന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യന്‍ പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ബെറിസ്ലാവ് നഗരത്തില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി യുക്രൈനും അറിയിച്ചു.
യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇരുപക്ഷവും ശക്തമായി പോരാട്ടം തുടരുകയാണ്. യുക്രൈന്‍ ശക്തമായി തിരിച്ചടിക്കുന്ന പശ്ചാത്തലത്തില്‍ റഷ്യ യുദ്ധമുഖത്തേയ്ക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.