61മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. ഗിറ്റാര്‍ മാതൃകയിലുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവനാണ് കൊടി ഉയര്‍ത്തിയത്. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ പുരോഗമിക്കുന്ന ഉത്ഘാടന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമാമാങ്കത്തിന് തിരി തെളിച്ചു.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിക്കുന്നത്. ഏഴുവര്‍ഷത്തിന് ശേഷം കോഴിക്കോട് ജില്ല വീണ്ടും ആതിഥേയരാകുന്ന കലാമേള എന്ന പ്രത്യേകതയുമുണ്ട്. മുന്‍പ് കൊച്ചി മെട്രൊ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് അന്ന് അപ്രതീക്ഷിതമായി കലോത്സവ വേദിയാവുകയായിരുന്നു. സംസ്ഥാനത്തെ കലാപ്രതിഭകളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കോഴിക്കോട് നടത്തിയിരിക്കുന്നത്.
അതേസമയം “വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറുന്ന വേദി എന്നതിലുപരി സാമൂഹിക വിമര്‍ശനത്തിന്‍റെയും നവീകരണത്തിന്‍റെയും ചാലുകീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സംസ്കാരിക കൂട്ടായ്മയായി സംസ്ഥാന സ്കൂള്‍ കലോത്സവം മാറുന്നു” എന്ന് ഉത്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. മുഖ്യാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം ആശാ ശരത്തും ചടങ്ങില്‍ പങ്കെടുത്തു.
വരുംദിവസങ്ങളില്‍ ജില്ലയിലെ 24 വേദികളില്‍ 239 ഇനങ്ങളില്‍ 14,000 ത്തോളം കലാപ്രതിഭകള്‍ കലോത്സവത്തിൽ മാറ്റുരയ്ക്കും. 11.30 യ്ക്ക് കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ആരംഭിക്കും. ജനുവരി ഏഴിനാണ് ഈ വര്‍ഷത്തെ കലാമേള അവസാനിക്കുക.