Monday, November 25, 2024

പഞ്ചിംഗ് നടപ്പായില്ല: സാങ്കേതിക തടസ്സമെന്ന് വിശദീകരണം.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പായില്ല. ശമ്പള സോഫ്റ്റ്വെയറുമായി ഹാജര്‍ ബന്ധിപ്പിക്കുന്നത് പൂര്‍ത്തിയാകാത്തതാണ് തടസ്സമെന്നാണ് വിശദീകരണം.

ജനുവരി ഒന്നിന് മുമ്പ് കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം എന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഒന്നാം തിയതി ഞായറാഴ്ചയും രണ്ടിന് പൊതു അവധി ആയതിനാലും പ്രവർത്തി ദിനമായ മൂന്നാം തീയതി മുതല്‍ പഞ്ചിംഗ് നടപ്പാക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിന് ഒരുമാസമെങ്കിലും കാലതാമസം നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. അതേസമയം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ഈ മാസം അവസാനം നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പലതവണ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് കാരണം അത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലിസമയത്ത് ജീവനക്കാര്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പ‍ഞ്ചിംഗ് എന്ന സംവിധാനം സര്‍ക്കാര്‍ കൊണ്ടുന്നത്.

Latest News