Sunday, November 24, 2024

പലസ്തീന്‍ കൗമാരക്കാരനെ വെടിവച്ച് കൊന്ന് ഇസ്രയേല്‍ സൈന്യം

പലസ്തീന്‍ കൗമാരക്കാരനെ വെടിവച്ച് കൊന്ന് ഇസ്രയേല്‍ സൈന്യം. തെക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം നഗരത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. പതിനഞ്ചുകാരനായ ആദം ഇസാം ഷാകിര്‍ അയ്യദ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് ആദമിന് വെടിയേറ്റതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുട്ടിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ദെയ്‌ഷെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് കൊലപാതകം നടന്നത്. നേരം പുലരുന്നതിന് മുമ്പ് ആരംഭിച്ച റെയ്ഡില്‍ നിരവധി സായുധ വാഹനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. റെയ്ഡിനിടെ ഇസ്രയേലി സേന നിരവധി താമസക്കാരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകത്തെ നികൃഷ്ടമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം, ഇസ്രായേല്‍ തുടര്‍ച്ചയായി പലസ്തീന്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും കുറ്റപ്പെടുത്തി. നിയമവിരുദ്ധമായ കൊലപാതക പരമ്പരയാണ് അവര്‍ നടത്തുന്നതെന്നും പലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഏതാണ്ട് ഒരു വര്‍ഷത്തോളമായി തുടരുന്ന റെയ്ഡുകളുടേയും കൊലപാതകങ്ങളുടേയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ ക്രൂരത. പുതുവര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇസ്രായേല്‍ സൈനികരാല്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ പലസ്തീനിയനാണ് ആദം അയ്യാദ്. 16 വര്‍ഷത്തിനിടെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ പലസ്തീനികള്‍ നേരിട്ട ഏറ്റവും വലിയ ദുരിത വര്‍ഷമാണ് 2022 എന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.

Latest News