ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തിലെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കുടുംബ വീടിന് മുന്നിലൂടെ വിലാപയാത്ര കടന്നുപോകുന്നതിനിടെ വീടിന് മുന്നില്‍ അല്‍പനേരം വാഹനം നിര്‍ത്തി. പെലെയുടെ അമ്മ ഇവിടെയാണ് താമസിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവര്‍ കിടപ്പിലാണ്. തിങ്കളാഴ്ച രാവിലെയാണ് പെലെയുടെ മൃതദേഹം സാന്റോസിലെത്തിച്ചത്.
ഫുട്ബോള്‍ ജീവിതത്തില്‍ 18 വര്‍ഷം കളിച്ച സാന്റോസ് ക്ലബ്ബിന്റെ മൈതാനത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു. 24 മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ബ്രസീലിന്റെയും സാന്റോസ് എഫ്സിയുടേയും പതാകകള്‍കൊണ്ട് പൊതിഞ്ഞ പെട്ടിയില്‍ പെലെയുടെ ഭൗതികശരീരം കണ്ടപ്പോള്‍ ആരാധകരുടെ കണ്ഠമിടറി.