രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഷോപ്പിംഗ് സെന്ററുകളും മാര്‍ക്കറ്റുകളും എല്ലാ ദിവസവും നേരത്തെ അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഈ നടപടിയിലൂടെ രാജ്യത്തിന് ഏകദേശം 62 ബില്യണ്‍ പാകിസ്ഥാന്‍ രൂപ (274.3 മില്യണ്‍; 228.9 മില്യണ്‍ ഡോളര്‍) ലാഭിക്കാനാകുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.
പ്രാദേശിക സമയം 20:30 ഓടെ ഷോപ്പിംഗ് മാളുകളും മാര്‍ക്കറ്റുകളും അടച്ചിടേണ്ടിവരുമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അവയുടെ വൈദ്യുതി ഉപഭോഗം 30% കുറയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ആസിഫ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം കാര്യക്ഷമമല്ലാത്ത വൈദ്യുത ഫാനുകളുടെ ഉത്പാദനം ജൂലൈ ആദ്യം മുതല്‍ നിരോധിക്കും.
ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ തങ്ങളുടെ വൈദ്യുതിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്. ആഗോള ഊര്‍ജ വില കഴിഞ്ഞ വര്‍ഷം കുതിച്ചുയര്‍ന്നിരുന്നു. ഇത് ഇതിനകം തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രസ്തുത ഊര്‍ജ ഇറക്കുമതിക്ക് പണം നല്‍കാന്‍ രാജ്യത്തിന് വിദേശ കറന്‍സി ആവശ്യമാണ്, പ്രത്യേകിച്ച് യുഎസ് ഡോളര്‍.
ഊര്‍ജ സംരക്ഷണ പദ്ധതി നടപ്പാക്കുന്നതിന് ഫെഡറല്‍ കാബിനറ്റ് ഉടന്‍ അംഗീകാരം നല്‍കിയതായി ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) പാര്‍ട്ടി ട്വിറ്ററില്‍ അറിയിച്ചു. 220 ദശലക്ഷം ജനങ്ങളുള്ള രാഷ്ട്രം അതിന്റെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാന്‍ വര്‍ഷങ്ങളായി പാടുപെടുകയാണ്.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബാധിച്ച വെള്ളപ്പൊക്കവും പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിരുന്നു. വെള്ളപ്പൊക്കം രാജ്യത്തിന് 40 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയതായി ഒക്ടോബറില്‍ ലോകബാങ്ക് കണക്കാക്കിയിരുന്നു.