‘ദൈവമേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന അവസാന വാക്കുകളോടെ ഇഹലോകജീവിതം വെടിഞ്ഞു ദൈവസന്നിധിയിലേക്കു യാത്രയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മൃതസംസ്‌കാരം ഇന്ന്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ജനുവരി അഞ്ചിന് പ്രാദേശിക സമയം രാവിലെ 9.30 -ന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരിക്കും.
ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കുര്‍ബാന അര്‍പ്പിക്കുന്നത് കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ ഡീനായ കര്‍ദ്ദിനാള്‍ ജൊവാന്നി ബത്തിസ്ത റെയാണ്. ഇറ്റലി, ജര്‍മ്മനി, പോളണ്ട്, പോര്‍ച്ചുഗല്‍, ഹംഗറി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളും സ്‌പെയിനിലെ സോഫിയാ രാജ്ഞിയും ബല്‍ജിയത്തിലെ ഫിലിപ്പ് രാജാവും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ, വിവിധ ക്രൈസ്തവസമൂഹങ്ങളുടെ തലവന്മാരും നേതൃസ്ഥാനത്തുള്ളവരും മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.
ജനുവരി രണ്ട് തിങ്കള്‍ മുതല്‍ ബെനഡിക്ട് പതിനാറാമന്റെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് തങ്ങളുടെ പ്രിയ പാപ്പായെ അവസാനമായി ഒരുനോക്ക് കാണാനും പ്രാര്‍ത്ഥിക്കാനും എത്തിയത്. മൃതസംസ്‌കാര ചടങ്ങുകള്‍ ബെനഡിക്റ്റ് പാപ്പായുടെ ആഗ്രഹപ്രകാരം വളരെ ലളിതമായിട്ടായിരിക്കും നടക്കുക.