ജമ്മു കാഷ്മീരിലെ രജൗരി ജില്ലയില്‍ അടുത്തിടെ ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സിആര്‍പിഎഫിന്റെ 18 കമ്പനി (ഏകദേശം 1,800 ഉദ്യോഗസ്ഥരെ) രണ്ടാഴ്ചയ്ക്കിടെ രണ്ട് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് വ്യാപകമായ പരിഭ്രാന്തി നിലനില്‍ക്കുന്ന രജൗരിയില്‍ വിന്യസിക്കുകയാണെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി വന്‍ പ്രതിഷേധമാണ് ജില്ലയില്‍ നടന്നത്.
രജൗരിയില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസമായി നൂറുകണക്കിന് സുരക്ഷാ സേനാംഗങ്ങള്‍ പ്രദേശത്ത് വന്‍ തിരച്ചില്‍ നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു.
ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും അപ്പര്‍ ഡാംഗ്രി ഗ്രാമത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. സായുധരായ രണ്ട് ഭീകരര്‍ മൂന്ന് വീടുകളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു.