യുക്രെയ്ന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ 89 സൈനികര്‍ കൊല്ലപ്പെട്ടത് അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ മേഖലയായ ഡോണെറ്റ്സ്‌കിലെ മക്കിവ്ക നഗരത്തില്‍ കോളജ് കെട്ടിടത്തിലെ ബാരക്കിലാണ് യുഎസ് നിര്‍മ്മിത യുക്രെയ്ന്‍ മിസൈലുകള്‍ പതിച്ചത്.
അക്രമണത്തില്‍ 89 സൈനികര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനികര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ യുക്രൈന്‍ സേനയ്ക്ക് കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിഞ്ഞെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
സൈനികരുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് റഷ്യയില്‍ ഉയരുന്നത്. അതേസമയം റഷ്യക്കെതിരെ മറ്റൊരു ആക്രമണം നടന്നതായി യുക്രെയ്ന്‍ അവകാശപ്പെട്ടു.
അധിനിവേശ ഡോണറ്റ്‌സ്‌കിലെ മക്കീവ്കയില്‍ സൈനികരുടെ താവളത്തിനു നേര്‍ക്കു നടത്തിയ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടെന്നും 300 പേര്‍ക്കു പരിക്കേറ്റെന്നുമാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്. എന്നാല്‍ 63 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യം സമ്മതിച്ച റഷ്യ ഇപ്പോള്‍ മരണ സംഖ്യ 89 ആയി ഉയര്‍ത്തിയിട്ടുണ്ട്.