മദ്യാസക്തി മാനസികാരോഗ്യ പ്രശ്നമായി പരിഗണിച്ച് കേസുകളില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയുടെ ജീവപരന്ത്യം ശിക്ഷ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.
2009 ല്‍ പ്രതി തന്റെ രണ്ട് മക്കളെയും ഹൈദര്‍പൂര്‍ കനാലിലേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടികള്‍ അബദ്ധത്തില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നായിരുന്നു പോലീസിനെ അറിയിച്ചത്. അന്വേഷണത്തില്‍ കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.
മദ്യാസക്തിയെ തുടര്‍ന്നാണ് കുറ്റകൃത്യം ചെയ്തതെന്നും കേസില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു കുറ്റവാളിയുടെ ആവശ്യം. ഈ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മദ്യാസക്തിയെ മാനസിക ആരോഗ്യ പ്രശ്‌നമായി കണക്കാക്കാന്‍ കഴിയില്ലെന്നും മദ്യാസക്തിയുടെ പേരില്‍ കുറ്റകൃത്യങ്ങളില്‍ ഇളവ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതിക്കാരന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്നും വാദം ഉയര്‍ന്നെങ്കിലും അതെല്ലാം കോടതി തള്ളി. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും ഐപിസി 84-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നടക്കുന്ന സമയത്തെ പ്രതിയുടെ മാനസിക പ്രശ്നവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.