Monday, November 25, 2024

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തിലെ നാലാം ശനിയാഴ്ച അവധി; ഈ മാസം പത്തിന് യോഗം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തിലെ നാലാം ശനിയാഴ്ചയിലെ അവധി നല്‍കുന്നത് പരിഗണനയില്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം പത്തിന് സര്‍വ്വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി യോഗം ചേരും.

വകുപ്പ് സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് അവധിയെകുറിച്ചുള്ള പരാമര്‍ശം ഉയര്‍ന്നത്. ഇതിനായി ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കിയ നിര്‍ദേശം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ പുതിയൊരു പ്രവര്‍ത്തി ദിന രീതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മാസത്തിലെ രണ്ടാം ശനിയാഴ്ച നിലവില്‍ അവധിയാണ്. നാലാം ശനിയാഴ്ചയും അവധി അനുവദിക്കുന്നതിനുള്ള ആദ്യപടി എന്ന നിലക്കാണ് യോഗം. ഭരണ പരിഷ്‌കരണ നിയമങ്ങള്‍ അത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. നാലാം ശനിയാഴ്ച അവധി എന്ന ശുപാര്‍ശ നടപ്പാക്കിയാല്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി പുതിയ സമയം ക്രമീകരിക്കും.

10.15 – 5.15 എന്ന നിലവിലെ സമയക്രമീകരണത്തില്‍ മാറ്റം വരുത്തും. 9.15 മുതല്‍ 5.15 വരെയായിരിക്കും പുതിയ സമയക്രമം. നാലാം ശനിയാഴ്ച പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചാല്‍ സക്കാരിന് ലാഭമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സര്‍വ്വീസ് സംഘടനകള്‍ ഈ നിര്‍ദേശത്തിന് അനുകൂല പ്രതികരണമാണെന്നാണ് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.

 

Latest News