ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കോര്‍പ്പറേഷന്‍ യോഗത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.
സത്യപ്രതിജ്ഞ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എഎപി – ബിജെപി അംഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം. കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലർമാര്‍ക്കു പുറമേ പത്തംഗങ്ങളെ ലഫ്. ഗവർണർക്ക് എംസിഡിയി -ലേക്ക് നാമനിർദ്ദേശം ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്കു ശേഷമാണ് ഇവരുടെ സത്യപ്രതിജ്ഞ നടക്കുക. എന്നാല്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചതാണ് എഎപി – ബിജെപി സംഘര്‍ഷത്തിന് കാരണമായത്. ഇരുകൂട്ടരും പോര്‍വിളികളുമായി നിലയുറപ്പിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനമായത്.
അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് എഎപി ആരോപിച്ചു.
250 അംഗ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ 134 പേരുടെ പിന്തുണയാണ് ആം ആദ്മിക്ക് ഉള്ളത്. ബിജെപി -ക്ക് 104 ഉം കോൺഗ്രസിന് 9 ഉം കൗൺസിലർമാരുണ്ട്.