അടിയന്തിരമായി ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് ഇപ്പോഴുള്ളതിനേക്കാൾ പതിനാലു ശതമാനത്തോളം കൂടുതൽ കുട്ടികൾ കടുത്ത പട്ടിണി മൂലം ദുരിതമനുഭവിക്കേണ്ടിവരുമെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി കഴിഞ്ഞ നൂറിലധികം വർഷങ്ങളായി പോരാടുന്ന അന്തരാരാഷ്ട്രസംഘടന സേവ് ദി ചിൽഡ്രൻ. ലെബനോനിലെ ഭക്ഷ്യപ്രതിസന്ധി പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഒന്നാണെന്നും, പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും അഭിപ്രായപ്പെട്ട ലെബനോനിലെ സേവ് ദി ചിൽഡ്രൻ ഡയറക്ടർ ജെന്നിഫർ മൂർഹെഡ്, അടുത്ത ഭക്ഷ്യ അടിയന്തിരാവസ്ഥ നേരിടേണ്ടിവരുന്ന രാജ്യമായി മാറുന്നത് തടയാൻ വേണ്ട നടപടികൾ ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു.
സമീപകാലത്തെ പഠനങ്ങൾ അനുസരിച്ച് ജനസംഖ്യയുടെ ആനുപാതിക കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും മോശം ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ ആറാമത്തേതാണ് ലെബനോൻ. തെക്കൻ സുഡാൻ, യമൻ, ഹൈതി, അഫ്ഗാനിസ്ഥൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളാണ് ലോകത്ത് കൂടുതൽ ഭക്ഷപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ. രാജ്യം നേരിടുന്ന പട്ടിണിയും ഭക്ഷ്യപ്രതിസന്ധിയും പരിഹരിക്കാൻ അടിയന്തിരനടപടികൾ ആവശ്യമാണെന്ന് 1953 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന ഈ സംഘടന ആവശ്യപ്പെട്ടു.
സേവ് ദി ചിൽഡ്രൻറെ കണക്കുകൾ പ്രകാരം രാജ്യത്തെ ലെബനോനിലെയും സിറിയയിലെയും അഭയാർത്ഥി കുട്ടികളിൽ പത്തിൽ നാലു പേരും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. ആഗോള കാലാവസ്ഥാ, ഭക്ഷ്യ പ്രതിസന്ധികൾ വർദ്ധിച്ചുവരുന്നതിനാലാണ് ലെബനോനിലും ഇതുപോലെ ഒരു അരക്ഷിതാവസ്ഥ വർദ്ധിച്ചുവരുന്നത്.
2022 സെപ്റ്റംബറിൽ നടത്തിയ പഠനങ്ങൾ പ്രകാരം, രാജ്യത്തെ ലെബനോൻ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള ആളുകൾക്കിടയിൽ 37 ശതമാനത്തോളം ആളുകൾ, കടുത്ത ഭക്ഷ്യപ്രതിസന്ധിയാണ് നേരിടുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകൾക്കാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കഠിനമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ആവശ്യം വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2023-ന്റെ ആദ്യപാദത്തിൽത്തന്നെ ഇവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് വർദ്ധിച്ചേക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികൾ മൂലം ഏതാണ്ട് നാലിൽ മൂന്ന് ഭാഗം ആളുകളും ദാരിദ്രത്തിലാണ് കഴിയുന്നത്.