റോക്കറ്റ് ആക്രമണത്തില്‍ 600 ലധികം യുക്രൈന് സൈനികരെ വധിച്ചതായി റഷ്യ. കിഴക്കന്‍ യുക്രൈനിലെ രണ്ട് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ ഞായറാഴ്ച വിവിധ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ക്രമാടോര്‍സ്ക് മേയര്‍ പറഞ്ഞു.
ഡൊണാട്സ്ക് മേഖലയിലെ മകിവ്കയിലെ റഷ്യന്‍ ബാരക്കുകള്‍ക്ക് നേരെ യുക്രൈന് നടത്തിയ ആക്രമണത്തില്‍ 89 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് സൈനിക നടപടിയെന്നാണ് റഷ്യയുടെ അവകാശവാദം. വിശ്വസനീയമായ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു കെട്ടിടത്തില്‍ 700 ലധികം സൈനികരും മറ്റേ കെട്ടിടത്തില്‍ 600 സൈനികരും താമസിച്ചിരുന്നതായി റഷ്യ പറയുന്നു. റഷ്യയുടെ അവകാശവാദം ശരിയാണെങ്കില്‍ ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശത്തിനുശേഷം യുക്രൈനില്‍ സംഭവിച്ച ഏറ്റവും വലിയ സൈനിക നാശമാണിത്.
പുതുവത്സര ദിനത്തിലാണ് റഷ്യയ്ക്ക് ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായ യുക്രൈന് ആക്രമണമുണ്ടായത്. മോസ്കോ സമയം 12.01 ന് ആറ് റോക്കറ്റുകള്‍ ആണ് സൈനിക താവളത്തിനു നേരെ പ്രയോഗിച്ചത്. ഇതില്‍ രണ്ടെണ്ണം തകര്‍ക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞു. സൈനികര്‍ക്കിടയിലെ അനധികൃത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗമാണ് സൈനിക താവളം കണ്ടുപിടിക്കാന്‍ സഹായകമായതെന്ന് റഷ്യന്‍ അധികൃതര്‍ ആരോപിച്ചു.