Monday, November 25, 2024

ബ്രസീലില്‍ വ്യാപക അറസ്റ്റ്; ആക്രമണങ്ങളെ അപലപിച്ച് പ്രസിഡന്റ് ലുല

ബ്രസീലില്‍ അക്രമം അഴിച്ചുവിട്ട, മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ അനുകൂലികളായ 1500 ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഇപ്പോഴും വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘമാണ് ബ്രസീലില്‍ പാര്‍ലമെന്റിനും സുപ്രീംകോടതിയ്ക്കും നേരെ ആക്രമം അഴിച്ചുവിട്ടത്. പ്രസിഡന്റ് ലുല ഡസില്‍വയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി.

ലുല ഡ സില്‍വ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. അടിയന്തര സാഹചര്യം നേരിടാന്‍ പ്രസിഡന്റ ലുല ഡിസില്‍വ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. സംഭവത്തില്‍ 300ലേറെപ്പേരെ അറസ്റ്റ് ചെയ്തതായി സൈന്യം ഇന്നലെ അറിയിച്ചിരുന്നു.

നിലവിലെ പ്രസിഡന്റ് ലുലയ്ക്ക് പിന്തുണയുമായി ലോകമൊന്നാകെ രംഗത്തുണ്ട്. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഫാഷിസ്റ്റ് ഭ്രാന്തന്മാരുടെ വിളയാട്ടമാണ് ബോല്‍സൊനാരോയുടെ പിന്തുണയോടെ രാജ്യത്ത് നടക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ലുല പറഞ്ഞു. രാജ്യത്ത് മുമ്പ് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് നടന്നതെന്നും അക്രമികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News