Monday, November 25, 2024

മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ വിധിച്ച്, ഇറാന്‍ ഭരണകൂടം

ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായാണിത്. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി കരുതുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിക്കൊന്നിരുന്നു. എന്നാല്‍, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടി പ്രതിഷേധിച്ചു.

കഴിഞ്ഞ വര്‍ഷം 22 കാരി മഹ്‌സ അമീനിയെ ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മഹ്‌സ അമീനി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പോലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. ഏതാണ്ട് 1000 നും 1500 റിനും ഇടയില്‍ ആളുകള്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.

ലോകമൊട്ടാകെ ഇറാനിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇറാനിലെ മതഭരണകൂടം പ്രക്ഷോഭകരികളെ അടിച്ചമര്‍ത്താനായിരുന്നു ശ്രമിച്ചത്. പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. ഇതുവരെയായി ഏതാണ്ട് പത്തോളം പേരെ സര്‍ക്കാര്‍ പ്രക്ഷോഭവുമായി തൂക്കിലേറ്റിയിട്ടുണ്ട്.

 

Latest News