Monday, November 25, 2024

ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് സിആര്‍പിഎഫ്; പ്രദേശവാസികള്‍ക്കും ആയുധപരിശീലനം

വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് സിആര്‍പിഎഫ്. പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് നിരവധി സിആര്‍പിഎഫ് സൈനികരെ നിയമിച്ചു. കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന അവലോകന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്. രജൗരി, പൂഞ്ച് മേഖലകളിലാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്.

ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി വില്ലേജ് ഗാര്‍ഡുകള്‍ക്ക് ആയുധ പരിശീലനം നല്‍കുമെന്നും സിആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആയുധപരിശീലനം നല്‍കുന്നത് വഴി നിരവധി കുടുംബങ്ങളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രജൗരി ജില്ലയില്‍ തോക്കുധാരികള്‍ വീടുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഭീകാരാക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഏഴ് പേരുടെ ജീവനാണ് പൊലിഞ്ഞത്. രജൗരി പട്ടണത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള അപ്പര്‍ ഡാംഗ്രി ഗ്രാമത്തിലെ മൂന്ന് വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡിസംബര്‍ 16-ന് ക്യാമ്പിന് പുറത്ത് പ്രദേശവാസികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രദേശവാസികള്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ വര്‍ഷമാണ് ജമ്മു കശ്മീരില്‍ പ്രദേശവാസികള്‍ക്ക് ആയുധ പരിശീലനം നല്‍കാനുള്ള പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 15-ന് പദ്ധതി പ്രാബല്യത്തില്‍ വന്നു. നേരത്തെ പദ്ധതി പ്രകാരം സൈന്യവും പോലീസും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമവാസികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

Latest News