പന്ത്രണ്ടാം ക്ലാസിൽ പഠിപ്പു നിർത്തി അയാൾ പണിക്കിറങ്ങി. കോവിഡു കാലത്തെ മുഴുപ്പട്ടിണി ഗവൺമെന്റ് ജോലി എന്ന സ്വപ്നം അയാളിൽ വളർത്തി. കോവിഡിന്റെ കെട്ട കാലത്ത് അയാൾ സ്വയം പഠിക്കാൻ തുടങ്ങി, രാത്രി രണ്ടു മണി വരെ! ഇന്നയാൾ ഒരു ഗവൺമെന്റ് ജോലിക്കാരനാണ്. സജുവിന്റെ ആവേശകരമായ ജീവിത കഥ വായിക്കൂ.
ശനിയാഴ്ച വൈകിട്ട് ഇരുട്ടു വീഴാൻ നേരത്താണ് സജുവും ഭാര്യയും കൂടി കാണാൻ വന്നത്. പള്ളിമേടയുടെ മുറ്റത്തു പരക്കെ വീണുകിടന്ന വെള്ളി വെളിച്ചത്തേക്കാൾ പ്രകാശമുള്ള കണ്ണുകളുമായി അവർ മുറിയിലേക്കു കയറിവന്നു.
ഉള്ളിൽ നിറഞ്ഞു തുളുമ്പിയ എന്തൊക്കെയോ അടക്കിപ്പിടിക്കാൻ പരിശ്രമിച്ച് മുന്നിലെ കസേരയിലിരുന്ന് സജു പറഞ്ഞു തുടങ്ങി.
”അച്ചോ, ഞാനിന്നലെ മുതൽ ഒരു ചെറിയ ജോലിക്കു കയറി.” അതു പറഞ്ഞ് ഇരുവരും ചിരിച്ചു. “ആഹാ കൊള്ളാലോ…” ഉള്ളിൽ തോന്നിയ ആശ്ചര്യവും സന്തോഷവും മറച്ചുപിടിക്കാതെ ഞാനും മനസ്സുതുറന്നു ചിരിച്ചു. ഏറെ നാളായി കാത്തിരുന്ന ഒരു വാർത്തയാണത്. ആ ചെറുപ്പക്കാരന്റേയും കുടുംബത്തിന്റേയും എത്ര നാളത്തെ പരിശ്രമവും പ്രാർത്ഥനയും കാത്തിരിപ്പുമാണ് ഒരു ജോലി! കയ്യും മെയ്യും മറന്ന കഷ്ടപ്പാടിനുമേൽ ഒടുവിൽ ദൈവം കയ്യൊപ്പിട്ടിരിക്കുന്നു!
”തിരുവനന്തപുരത്ത് വെൽഫെയർ ബോർഡിലാണ്. എല്ലാം വളരെ പെട്ടന്നായിരുന്നു. ഇത്രേം പ്രതീക്ഷിച്ചില്ല. ഭയങ്കര സന്തോഷമായി.” പറഞ്ഞത് ചിഞ്ചുവായിരുന്നു, സജുവിന്റെ ഭാര്യ. ആ വാർത്ത പങ്കുവയ്ക്കുമ്പോൾ അവളുടെ മിഴികളിൽ തുള്ളിത്തുളുമ്പിയ സന്തോഷത്തിന്റെ നനവ് എന്നെയും വന്നു തൊട്ടു.
ബാലരാമപുരത്തിനടുത്ത് ഐത്തിയൂർ എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് സജുവിന്റെ വീട്. കൂലിപ്പണിക്കു പോയിരുന്ന ഒരു ചെറുപ്പക്കാരനാണ്. ഭാര്യയും മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. കോവിഡിന്റെ അടഞ്ഞ കാലം അയാളെ തൊഴിൽരഹിതനും പ്രാരാബ്ദക്കാരനുമാക്കി. വരുമാനമില്ല. പട്ടിണി. പരിവട്ടം! അയൽ വീടുകളിലും അതുതന്നെ സ്ഥിതി!
പട്ടിണി മണത്ത ഒരു കൊറോണപ്പകലിൽ നിസ്സഹായനായി മാനം നോക്കിക്കിടക്കവേ അയാളുടെ ഉള്ളിൽ ആത്മരോഷത്തിന്റെ ഒരു കടലിരമ്പി. പഠിക്കേണ്ട സമയത്ത് കുറച്ചു കൂടി നന്നായി പഠിച്ചിരുന്നെങ്കിൽ, ഒരു ജോലി തരപ്പെടുത്തിയിരുന്നെങ്കിൽ മക്കൾക്കുള്ള അന്നന്നത്തെ അന്നമെങ്കിലും മുടങ്ങില്ലായിരുന്നു. ഈ കെട്ട കാലത്തുപോലും വരുമാനമുള്ള ഒരേയൊരു കൂട്ടരേയുള്ളൂ- സർക്കാർ ജോലിക്കാർ. അടച്ചിട്ടാലെന്ത്, തുറന്നിട്ടാലെന്ത് – ശമ്പളം മുടങ്ങാതെ കിട്ടും. കസേരകളിൽ ഒന്നുകൂടി അമർന്നിരുന്ന് അവർ തന്നെ നോക്കി ആർത്തട്ടഹസിക്കുന്നതുപോലെ തോന്നി സജുവിന്.
നല്ലൊരു ജോലിയുണ്ടായിരുന്നെങ്കിൽ എന്ന് അയാളപ്പോൾ അതിതീവ്രമായി ആഗ്രഹിച്ചു. മാത്രകൾ കൊണ്ട് അതൊരു സ്വപ്നമായി വളർന്നു പടർന്ന് അയാളെ കീഴടക്കി. അയാൾക്കു ശ്വാസംമുട്ടി. അയാൾ ഞെട്ടിയെഴുന്നേറ്റു. കിതച്ചും വിയർത്തും അയാൾ ആ സ്വപ്നത്തെ വീണ്ടും വീണ്ടും ഓർത്തെടുത്തു. മറന്നുപോകാതിരിക്കാൻ മുറിഞ്ഞുവീണ ഓർമ്മകളെ പരസ്പരം കെട്ടിയിട്ടു.
ആ ചെറുപ്പക്കാരന് അതു വെറുമൊരു സ്വപ്നമായിരുന്നില്ല, ഒരുറച്ച തീരുമാനമായിരുന്നു. നല്ലൊരു ജോലി നേടണം – പറ്റുമെങ്കിൽ ഒരു സർക്കാർ ജോലി. അതിനുവേണ്ടി ജീവിതത്തിലന്നുവരെ ചിന്തിക്കാത്ത ഒരു പുതിയ വഴിയിലൂടെ സജു നടന്നുതുടങ്ങി. സജു ഉൾപ്പെടുന്ന ചുറ്റുപാടിലെ സമപ്രായക്കാരായ ചെറുപ്പക്കാരുടെ വിദൂര സ്വപ്നങ്ങളിൽ പോലും വിരുന്നു വരാത്ത ഒരാഗ്രഹം. അതു മറ്റൊന്നുംകൊണ്ടല്ല, തങ്ങളെക്കൊണ്ടു കൂട്ടിയാൽ കൂടില്ലെന്നൊരു മുൻവിധിയുടെ തടവറയിലാണവർ. ആ മുൻവിധികളുടെ കോട്ട പൊളിച്ചാണ് സജു മുന്നിൽ നടന്നത്.
സ്വന്തമായി പുസ്തകങ്ങൾ വാങ്ങി മൽസരപ്പരീക്ഷകൾക്ക് സജു ഒരുങ്ങാൻ തുടങ്ങി. കൂട്ടുകാരുമൊത്തുള്ള സായാഹ്ന സംഗമങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ടു. ലോക്ഡൗൺ കാലത്ത് കൂട്ടുകാരൊക്കെ പ്രാണവായുവിനേക്കാൾ മൊബൈൽ ഫോൺ ശ്വസിച്ചു തുടങ്ങിയ നാളുകളിൽ സജു പുസ്തകങ്ങളിൽ മുഖം പൂഴ്ത്തിയിരുന്നു. മറ്റാരും ശല്യപ്പെടുത്താതിരിക്കാൻ ചെറിയ വീടിന്റെ ടെറസ്സിൽ വലിച്ചു കെട്ടിയ ഒരു തുണിക്കഷ്ണത്തിന്റെ തണലിൽ പകൽ മുഴുവൻ സജു സ്വയം പഠിച്ചു. ഭക്ഷണമുണ്ടെങ്കിൽ അതു കഴിക്കാൻ വേണ്ടി മാത്രം താഴെ വരും. ജോലിയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴു മുതൽ രാത്രി ഏറെ വൈകി രണ്ടു മണിവരെയാണ് പഠനം. വേനൽച്ചൂടിൽ ഉരുകിയും പുലരിമഞ്ഞിലുറഞ്ഞും ആ ചെറുപ്പക്കാരന്റെ രാപ്പകലുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് പുസ്തകം എന്നെന്നേയ്ക്കുമായി മടക്കി കുടുംബം പുലർത്താനിറങ്ങിയ ഒരു ചെറുപ്പക്കാരൻ വർഷങ്ങൾക്കു ശേഷവും അത്രയും അച്ചടക്കത്തോടെ സ്വയം പഠിക്കാനിരുന്നെങ്കിൽ അവന്റെ ഉള്ളിലെ തീക്കനലിന്റെ ചൂട് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ!
‘വീട്ടിൽത്തന്നെ അടയിരുന്ന് നീയെന്തു ചെയ്യുകയാണെ’ന്ന കൂട്ടുകാരുടെ മുനവച്ച പരിഹാസങ്ങളിൽ സജു പതറിയില്ല. നാട്ടുകാരുടെ അടക്കംപറച്ചിലുകളിൽ നിരാശനായില്ല. ആരോടും ഒന്നും പറഞ്ഞില്ല. വീട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും തൽക്കാലം ആരും അറിയേണ്ടെന്നായിരുന്നു സജുവിന്റെ തീരുമാനം.
അങ്ങനെ രണ്ടര വർഷം! കായിക ക്ഷമതയുൾപ്പടെ നിരവധി പരീക്ഷകൾക്ക് സജു വിധേയനായി. ഓരോന്നും കഴിയുമ്പോൾ തോറ്റാലും ജയിച്ചാലും കൂടുതൽ വാശിയോടെ അടുത്തതിലേക്ക്. ഒടുവിൽ ഫലങ്ങൾ വന്നപ്പോൾ അഞ്ചു റാങ്ക് ലിസ്റ്റുകളിലാണ് സജു ഇടം നേടിയത്. അതിലൊന്നിലേക്ക് ഒടുവിൽ സജുവിനു വിളി വന്നു. കേരളാ സ്റ്റേറ്റ് കോപ്പറേറ്റീവ് എപ്ലോയീസ് വെൽഫയർ ബോർഡിൽ സജുവിന് സർക്കാർ നിയമനം. രണ്ടര വർഷം മുമ്പ് സജു കണ്ട സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഏറ്റെടുത്ത കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായിരിക്കുന്നു.
ആദ്യ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തി സജു വിശേഷങ്ങൾ പങ്കുവച്ച കൂട്ടത്തിൽ ശീതീകരിച്ച ഓഫീസ് മുറിയെക്കുറിച്ചു പറഞ്ഞപ്പോൾ ചിഞ്ചുവിന്റെ കണ്ണുനിറഞ്ഞു. കരിവേനൽ കത്തിയാളിയ പഠനകാലത്ത് സജുവിന്റെ നാസാരന്ധ്രങ്ങളെ പൊള്ളിച്ച വീടിന്റെ ടെറസിലെ ഉഷ്ണവായു അപ്പോളവളുടെ ഹൃദയത്തെയും പൊള്ളിച്ചിട്ടുണ്ടാവണം. സജുവിന്റെ എല്ലാ അധ്വാനങ്ങളിലും പാതിമെയ്യായി കൂടെയുണ്ടായിരുന്നത് ചിഞ്ചുവായിരുന്നല്ലോ!
സജുവിനേപ്പോലെ ഒരു ലക്ഷ്യത്തിനുവേണ്ടി അധ്വാനിച്ച് അതു നേടിയെടുത്ത നൂറുകണക്കിനു ചെറുപ്പക്കാർ ചുറ്റുപാടുകളിലുണ്ടാവാം. എന്നാൽ സജുവിനിത് ഇപ്പോഴും വിശ്വസിക്കാനാവാത്ത ഒരു സ്വപ്നസാഫല്യത്തിന്റെ നിമിഷമാണ്. “മര്ത്യായുസ്സില് സാരമായതു ചില മുന്തിയ സന്ദര്ഭങ്ങള്, അല്ല മാത്രകള് മാത്രം.” എന്ന് വൈലോപ്പിള്ളി എഴുതിയത് എത്ര സത്യമാണ്!
എന്റെ കൺമുമ്പിൽ കണ്ട, നെഞ്ചിലേക്കു കിനിഞ്ഞിറങ്ങിയ നിശ്ചയദാർഢ്യത്തിന്റെ ആ കഥ എനിക്ക് പങ്കുവയ്ക്കാതിരിക്കാനാവുന്നില്ല; ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ ആത്മഹർഷങ്ങൾക്കു മുന്നിൽ മിണ്ടാതിരിക്കാനും. കാണുന്നവരോടൊക്കെ ഞാൻ സജുവിന്റെ കഥ പറയുന്നുണ്ട്; ഇപ്പോ നിങ്ങളോടും.
സജുവിന്റെ മേശപ്പുറത്ത് ഒരു ചെറിയ ഘടികാരമിരിപ്പുണ്ട്. അതിന്റെ മൂലയിൽ ഒരു വാചകമിങ്ങനെ എഴുതിയിട്ടുണ്ട്: Opportunities never happen, we create them. സജുവിന് ഈ ലോകത്തോടു പറയാനുള്ളതും അതായിരിക്കുമെന്ന് ഞാൻ കരുതുന്നു.
അഭിനന്ദനങ്ങൾ സജൂ…! ഈ ചുരുങ്ങിയ പുരുഷായുസ്സിൽ നിന്നെപ്പോലെ ഒരാളെ കണ്ടുമുട്ടാൻ കഴിഞ്ഞത് ജീവിതത്തെ കൂടുതൽ പ്രത്യാശാഭരിതമാക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു!
ഫാ. ഷീൻ പാലക്കുഴി