ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീംകോടതിയുമടക്കം ആക്രമിച്ച സംഭവത്തെ അനുകൂലിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ.
ഫേസ്ബുക്കിനെ പിന്തുടര്‍ന്ന് യൂട്യൂബും ആക്രമണത്തെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്ന് അറിയിച്ചു. ബ്രസീലില്‍ കഴിഞ്ഞ ദിവസം നടന്ന ജനാധിപത്യ വിരുദ്ധമായ പ്രകടനങ്ങളെ പിന്തുണക്കുന്നതോ പ്രശംസിക്കുന്നതോ ആയ ഉള്ളടക്കങ്ങളും പോസ്റ്റുകളും നീക്കം ചെയ്യുകയാണെന്നാണ് അവരും പ്രസ്താവനയില്‍ പറഞ്ഞത്.
‘തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഞങ്ങള്‍ ബ്രസീലിനെ ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലമായി തരംതിരിച്ചിരുന്നു. അതിന്റെ ഭാഗമായി ജനങ്ങളോട് ആയുധമെടുക്കാനും പാര്‍ലമെന്റും പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും മറ്റ് ഫെഡറല്‍ കെട്ടിടങ്ങളും ബലമായി ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തുവരികയായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളെ പിന്തുണക്കുന്നതോ പ്രശംസിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യും. ഞങ്ങളുടെ പോളിസികള്‍ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരും,” മെറ്റ വക്താവ് പറഞ്ഞു.