അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ടീം ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്. നിലവില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം 2018 ല്‍ ഫ്രാന്‍സ് ലോക ചാമ്പ്യന്മാരാകുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മാസം ഖത്തറില്‍ നടന്ന ലോകകപ്പിലും റണ്ണറപ്പായി ഫിനിഷ് ചെയ്യാന്‍ ഫ്രഞ്ച് പടയെ സഹായിച്ചവരില്‍ പ്രധാന പങ്ക് ലോറിസിന്റേതായിരുന്നു.
36 കാരനായ താരം 2008 ലാണ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫ്രാന്‍സിനായി 145 മത്സരങ്ങളില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ ഗെയിം കളിച്ച താരമെന്ന ഖ്യാതിയും നേടി.
അണ്ടര്‍ 18, അണ്ടര്‍ 19, അണ്ടര്‍ 21 തലങ്ങളില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച ഒരു ഫ്രഞ്ച് ഇന്റര്‍നാഷണലാണ് ലോറിസ്. സീനിയര്‍ തലത്തില്‍ കളിക്കുന്നതിന് മുമ്പ്, 2005 ലെ യുവേഫ യൂറോപ്യന്‍ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ് നേടിയ അണ്ടര്‍ 19 ടീമിലും അദ്ദേഹം കളിച്ചു.
2008 നവംബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ഒരു സൗഹൃദ മത്സരത്തിലാണ് ലോറിസ് തന്റെ സീനിയര്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2010 ഫിഫ ലോകകപ്പിന് യോഗ്യത നേടാന്‍ ഫ്രാന്‍സിനെ സഹായിച്ച ലോറിസ് യോഗ്യതാ പ്ലേഓഫില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച് മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. നാല് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പിലും ലോറിസ് ടീമിന്റെ ഗോള്‍ വല കാത്തു.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ലോറിസ് തന്റെ ക്ലബായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.