അഫ്ഗാനിസ്ഥാനില്‍ സമീപ മാസങ്ങളിലായി ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. മാനസിക രോഗികളുടെ എണ്ണം വര്‍ധിച്ചതില്‍ 80 ശതമാനവും സ്ത്രീകളാണ്.
സ്ഥിരമായി മാനസിക രോഗാശുപത്രി സന്ദര്‍ശിക്കുന്ന 100 പേരില്‍ 80 പേരും സ്ത്രീകളാണെന്നാണ് ഹെറാത്ത് പ്രവിശ്യാ ആശുപത്രിയിലെ മാനസികാരോഗ്യ വാര്‍ഡ് മേധാവി ഖാദെം മുഹമ്മദിയെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ പ്രകാരം ഹെറാത്തിലെ പ്രവിശ്യാ ആശുപത്രിയില്‍ കഴിഞ്ഞ മാസം മാത്രം കുറഞ്ഞത് 400 മാനസിക രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടുന്നത്, യൂണിവേഴ്‌സിറ്റികളിലടക്കം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് എന്നിവയാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളെന്നും ടോളോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ സ്ഥിതി ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ മാനസികരോഗികളുടെ എണ്ണം ഇനിയും കുത്തനെ വര്‍ധിക്കുമെന്നും ഹെറാത്ത് പ്രവിശ്യയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ ഗുരുതര പ്രശ്‌നങ്ങളാണ് നേരിടുന്നത്.