പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചിനു മുമ്പിലാണ് ഹര്‍ജികള്‍.
രാജ്യത്തെ ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്നായിരുന്നു 2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ നിശ്ചയിച്ച പരിധിയില്‍ ജനവാസകേന്ദ്രങ്ങള്‍ കൂടുതലായി ഉളളതിനാല്‍ ഇത്തരം ഇടങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രം നല്കിയ ഈ ഹര്‍ജിയെ പിന്തുണച്ച് കേരളവും അപേക്ഷ നല്‍കിയിരിക്കുകയാണ്.
കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയോദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇവയില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിനു ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ, പെരിയാര്‍ ദേശീയോദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റെല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ 23 സംരക്ഷിതമേഖലകളില്‍ കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി അനുവദിച്ചാല്‍ കേരളത്തിനു കൂടി ഇളവ് ലഭിക്കും.