Monday, November 25, 2024

ന്യൂയോര്‍ക്കില്‍ ഏഴായിരത്തോളം നഴ്‌സുമാര്‍ സമരത്തില്‍

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നഴ്‌സുമാര്‍ സമരത്തില്‍. ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7100 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. വേതന വര്‍ധനവ്, കൂടുതല്‍ നഴ്‌സുമാരെ നിയമിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം. മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്ററിലെ 3500 നഴ്‌സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്‌സുമാരുമാണ് പണിമുടക്കുന്നത്.

ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തത് ജോലിഭാരം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടിവന്നതെന്ന് ദി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ‘നഴ്‌സുമാര്‍ പണിമുടക്കാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ നഴ്‌സുമാരെ നിയമിക്കണമെന്ന് ഉള്‍പ്പെടെയുള്ള ഞങ്ങളുടെ നിര്‍ദേശങ്ങള്‍ മേലധികാരികള്‍ അവഗണിച്ചതിനാലാണ് സമരം ചെയ്യേണ്ടിവരുന്നത്’. അവര്‍ പറഞ്ഞു.

ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഇവര്‍ കരുതുന്നത്. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം 7, 6, 5 എന്നീ ശതമാനങ്ങളിലുള്ള ശമ്പള വര്‍ധനവാണ് ആശുപത്രികള്‍ വാഗ്ദാനം ചെയ്യുന്നത്. ശമ്പള വര്‍ധനവിനൊപ്പം നഴ്‌സുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ചെയ്യുന്നത്.

Latest News