Monday, November 25, 2024

ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു

കോടതി വരെ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ചേര്‍ക്കാത്ത അരവണയാണ് ഭക്തർക്ക് നല്‍കുന്നത്. ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഏലയ്ക്കയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് വിഷയം ഹൈക്കോടതിയില്‍ എത്തുകയും ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ വിതരണം കോടതി തടയുകയും ചെയ്തു.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അരവണയുടെ ഉത്പാദനം ആരംഭിച്ചത്. ഇന്ന് പുലർച്ചെ മൂന്നര മുതല്‍ ഭക്തർക്ക് വീണ്ടും അരവണ നൽകിത്തുടങ്ങിയിട്ടുണ്ട്. ഉച്ചയോടെ വിതരണം പൂർണ്ണതോതിലെത്തുമെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ.

Latest News