Monday, November 25, 2024

മാരിയോണ്‍ ബയോടെക്കിന്റെ സിറപ്പുകള്‍ ഉപയോഗിക്കരുത്: ഡബ്ള്യൂ.എച്ച്.ഓ

രണ്ട് ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോ​ഗ്യ സംഘടനയുടെ നിര്‍ദ്ദേശം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക്ക് ഉല്‍പാദിപ്പിക്കുന്ന രണ്ട് സിറപ്പുകളാണ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മരുന്നുകളുടെ ഗുണനിലവാരം മോശമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം.

ഡോക്-1-മാക്സ്, അബ്റോണോള്‍ എന്നീ ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകള്‍ കഴിച്ച് ഉസ്ബക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിറപ്പുകളുടെ സാംപിളുകള്‍ ഡബ്ള്യൂ.എച്ച്.ഓ പരിശോധിച്ചു. പരിശോധനയില്‍, സിറപ്പുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കഫ് സിറപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ ഉസ്ബക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധനയില്‍, സിറപ്പുകളിൽ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ മുന്‍പ് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 70 കുട്ടികളാണ് മരിച്ചത്. ഈ വിവാദത്തിനു പിന്നാലെയാണ് ഉസ്ബക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. അതേസമയം കരിഞ്ചന്തയില്‍ കൂടി കഫ് സിറപ്പുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News