വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയില്‍ ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തില്‍ പൊതുജനാഭിപ്രായം തേടാന്‍ ഏജന്‍സി ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നു.
2022 ഡിസംബറില്‍ ഇന്റേണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസചര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം പ്രകാരം കുട്ടികളിലുണ്ടാകുന്ന ആസ്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 13% ചൈല്‍ഡ്ഹുഡ് ആസ്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഗ്യാസ് സ്റ്റൗവുകള്‍ നൈട്രജന്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കില്‍ ഇവ ദോഷകരമായി തീരുമെന്നും മറ്റൊരു പഠനത്തില്‍ പറയുന്നു.
അല്‍പ നേരം നൈട്രജന്‍ ഡയോക്സൈഡ് ശ്വസിച്ചാല്‍ കുട്ടികളിലെ ആസ്മ കലശലാകും. കൂടുതല്‍ നേരം NO2 വുമായി സമ്പര്‍ക്കത്തില്‍ വരുന്നതോടെ രോഗം മൂര്‍ച്ഛിക്കാനും ഇടവരുമെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.
കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 35% വീടുകളിലും ഗ്യാസ് സ്റ്റോവ് ഉപയോഗിക്കുന്നുണ്ട്. കാലിഫോര്‍ണിയ, ന്യൂ ജേഴ്സി പോലുള്ള സംസ്ഥാനങ്ങളില്‍ 70 ശതമാനത്തോളം ആളുകളും ഗ്യാസ് സ്റ്റൗവിനെ തന്നെയാണ് ആശ്രയിക്കുന്നത്. യുഎസിലെ ബെര്‍ക്ലി, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് സിറ്റി പോലുള്ള നഗരങ്ങളിലെ പുതിയ കെട്ടിടങ്ങളില്‍ പ്രകൃതിദത്ത വാതകങ്ങള്‍ ഉപയോഗിക്കുന്നത് ഇതിനോടകം തന്നെ നിരോധിച്ച് കഴിഞ്ഞു.
ഗ്യാസ് മാറ്റി, പകരം ഇലക്ട്രിക് രീതിയിലേക്ക് മാറുന്നത് ചെലവേറിയ പ്രക്രിയയാകുമെന്ന് അമേരിക്കന്‍ ഗ്യാസ് അസോസിയേഷനും ചൂണ്ടിക്കാട്ടിയെങ്കിലും, ബൈഡന്‍ അനുമതി നല്‍കിയ ഇന്‍ഫ്ളേഷന്‍ റിഡക്ഷന്‍ ആക്ട് പ്രകാരം ഇലക്ട്രിക് സ്റ്റൗവ് വാങ്ങുന്ന ഉപഭോക്താവിന് 840 ഡോളറിന്റെ സബ്സിഡി ലഭിക്കും. ഒപ്പം ഗ്യാസില്‍ നിന്ന് ഇലക്ട്രിക് സ്റ്റൗവിലേക്ക് മാറുന്ന ഉപഭോക്താവിന് 500 ഡോളറിന്റെ ധനസഹായവും നല്‍കും.