മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. ട്വിറ്ററിലൂടെയാണ് മകള്‍ സുഭാഷിണി അദ്ദേഹത്തിന്റെ മരണ വിവരം പുറത്ത് വിട്ടത്.
ഏഴ് തവണ ലോക്‌സഭയിലെയും നാലു തവണ രാജ്യസഭയിലെയും അംഗവുമായിരുന്നു. 1999-2004ലെ വാജ്‌പേയി മന്ത്രി സഭയില്‍ അംഗമായിരുന്നു ശരത് യാദവ്. 1974ല്‍ ജബല്‍പ്പൂരില്‍ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പൊതുരംഗം പ്രവേശനം. 2005 മുതല്‍ 2017 വരെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.