അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.
കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബര്‍ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തി വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2022 ഏപ്രിലിനും നവംബറിനുമിടയില്‍ ജോഷിമഠ് നഗരത്തില്‍ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നര്‍സിങ് മന്ദിര്‍ എന്നിവിടങ്ങളില്‍ ദ്രുതഗതിയിലുള്ള ഇടിച്ചില്‍ ഉണ്ടാകുന്നുവെന്നും ഐഎസ്ആര്‍ഒയുടെ പഠനത്തില്‍ പറയുന്നു.
നിലവില്‍ മഴ മുന്നറിയിപ്പിന്റെ ഭീതിയിലുമാണ്, ജോഷിമഠ്. കഴിഞ്ഞ രാത്രിയില്‍ പ്രദേശത്ത് പല തവണ നേരിയ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കെട്ടിടങ്ങളില്‍ ഏറ്റ വിള്ളല്‍ വലുതായതാണ് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചത്. വിള്ളല്‍ ഉണ്ടായ വീടുകളില്‍ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.