അനധികൃത ബാനറുകളും കൊടികളും വെക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോര്‍ഡുകള്‍ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിര്‍ദ്ദേശം നടപ്പിലാക്കാത്ത ജീവനക്കാര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു.
പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍, ഹോള്‍ഡിങുകള്‍ മുതലായവ അടിയന്തിരമായി എടുത്തുമാറ്റാന്‍ ഹൈക്കോടതി നേരത്തേ തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. അല്ലാത്തപക്ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാനാകാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടല്‍.
രണ്ടാഴ്ചയിലൊരിക്കല്‍ പ്രാദേശിക കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് സമിതിയുടെ ചുമതല നല്‍കിയിരുന്നത്.