ക്രിപ്‌റ്റോ കറന്‍സി വ്യാപാരം ചൂതാട്ടമാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ക്രിപ്റ്റോകറന്‍സി വ്യാപാരം പൂര്‍ണമായും ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ളതും ചൂതാട്ടത്തിന് സമാനവുമായതിനാല്‍ ഇന്ത്യയില്‍ അത് നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് ടുഡേയുടെ ബാങ്കിംഗ് ആന്‍ഡ് ഇക്കണോമി ഉച്ചകോടിക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിപ്റ്റോ കറന്‍സികളുടെ അനിയന്ത്രിതമായ വളര്‍ച്ച തുടരാന്‍ അനുവദിച്ചാല്‍ കേന്ദ്ര ബാങ്കുകളെ അത് ദുര്‍ബലപ്പെടുത്തും. ചിലര്‍ ക്രിപ്‌റ്റോ കറന്‍സിയെ ആസ്തിയായി കണക്കാക്കുന്നു. ചിലര്‍ അതിനെ ഇത് ധനകാര്യ ഉല്‍പന്നമായാണ് കണക്കാക്കുന്നത്. എന്നാല്‍ മൂല്യമില്ലാത്ത വസ്തുവാണ് ക്രിപ്‌റ്റോ കറന്‍സിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിസര്‍വ്വ് ബാങ്കിന്റെ ഇരുപത് ശതമാനം ഇടപാടുകളും ആര്‍ബിഐ അംഗീകരം നല്‍കാത്ത ക്രിപ്റ്റോകറന്‍സികള്‍ വഴി നടത്തുകയാണെങ്കില്‍ സമ്പദ്വ്യവസ്ഥയുടെ ഇരുപത് ശതമാനം ഇടപാടുകളുടെ നിയന്ത്രണം നഷ്ടപ്പെടും. പണ വിതരണത്തെ നിയന്ത്രിക്കാനുള്ള സെന്‍ട്രല്‍ ബാങ്കുകളുടെ അധികാരം അല്ലെങ്കില്‍ പണ നയം ദുര്‍ബ്ബലമാകും. ഇത് സമ്പദ്വ്യവസ്ഥയെ ഡോളറാക്കുന്നതിലേക്ക് നയിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
നമ്മുടെ രാജ്യത്ത് ചൂതാട്ടം അനുവദിക്കുന്നില്ല. ഇത് അനുവദിക്കുന്നുണ്ടെങ്കില്‍ നിയമങ്ങള്‍ പാലിച്ച് മാത്രമാണ് അനുവദിക്കേണ്ടത്. അതു കൊണ്ട് ചൂതാട്ട സ്വഭാവമുള്ള ക്രിപ്‌റ്റോ കറന്‍സി ആര്‍ബിഐയുടെ അനുമതിയില്ലാതെ വ്യാപാരം നടത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.