ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവ ആരാധനാലയത്തെ ലക്ഷ്യം വച്ചു നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ പതിനേഴോളം വിശ്വാസികൾ കൊല്ലപ്പെട്ടു. ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേറ്റതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജനുവരി 15, ഞായറാഴ്ചയാണ് ആക്രമണം നടന്നത്.
ജനുവരി 15 ഞായറാഴ്ച, ഉഗാണ്ടയുടെ അതിർത്തിയിലുള്ള നോർത്ത് കിവു പ്രവിശ്യയിലെ കസിൻഡി ഗ്രാമത്തിൽ പെന്തക്കോസ്ത് ക്രിസ്ത്യാനികൾ പ്രാർത്ഥന നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. മൃതശരീരങ്ങൾ പ്രാർത്ഥനാലയത്തിൽ കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാസേന ഇതിനകം തന്നെ സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നും പരിക്കേറ്റവരെ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ആർമി വക്താവ് ആന്റണി മൗളുഷെ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറു പുലർത്തുന്ന ഉഗാണ്ടൻ സായുധസംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) അംഗങ്ങളാണ് കൊലയാളികളെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നോർത്ത് കിവു പ്രദേശത്ത് നൂറുകണക്കിന് ഗ്രാമീണരെ ഈ സംഘം കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു.