Monday, November 25, 2024

സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ല; വ്യക്തമാക്കി താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി താലിബാന്‍ ഭരണകൂടം. രാജ്യവ്യാപകമായി പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലാവിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകള്‍ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ഒരുക്കമല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയത്.

ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവര്‍ത്തനത്തിനും അനുമതി നല്‍കില്ലെന്ന് വക്താവ് സബിയുള്ള മുജാഹിദ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശലംഘനം സംബന്ധിച്ചുയര്‍ന്നിട്ടുള്ള ആശങ്കകള്‍ താലിബാന്‍ ഭരണകൂടം നടപ്പാക്കിയിരിക്കുന്ന നിയമത്തിന് അനുസൃതമായി കൈകാര്യം ചെയ്യും. ഇസ്ലാമിക മതനിയമങ്ങള്‍ അനുസരിച്ചാണ് താലിബാന്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ആ നിയമങ്ങള്‍ക്കെതിരെയുള്ള ഒരു പ്രവൃത്തിയും ഭരണകൂടം അനുവദിക്കില്ലെന്നും സബിയുള്ള മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകള്‍ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയ താലിബാന്‍ നടപടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കണമെന്നും യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, യുഎന്‍, ഒഐസി, മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ തുടങ്ങിയവ താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

Latest News