പെരിന്തൽമണ്ണയിൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തൽ. വിഷയത്തിൽ ആറു ഉദ്യോഗസ്ഥരോട് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടു. സബ് രജിസ്ട്രാറിലേയും സഹകരണ ഓഫീസിലേയും ഉദ്യോഗസ്ഥർക്കാണ് കളക്ടർ നോട്ടീസ് നൽകിയത്.
2021 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ തർക്കത്തിലായിരുന്ന വോട്ടുപ്പെട്ടികളിലൊന്നാണ് കാണാതായത്. പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇന്നലെ ട്രഷറിയിലെത്തി സ്ട്രോങ് റൂം തുറന്നപ്പോഴാണ് ഒരു വോട്ട്പെട്ടി കാണാനില്ലെന്ന് കണ്ടെത്തിയത്.
ഇതേതുടർന്നു നടത്തിയ തിരച്ചിലിൽ കാണാതായ വോട്ടുപെട്ടി മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ പെരുന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകിയതിനെ തുടർന്നാണ് കളക്ടറുടെ നടപടി.
അതേസമയം തപാൽ വോട്ട് പെട്ടികൾ ഹൈക്കോടതിയിൽ ഉദ്യോഗസ്ഥർ ഹാജരാക്കി. കോടതിയുടെ നിർദേശപ്രകാരമാണ് പെട്ടികൾ ഹാജരാക്കിയത്.