ഇന്ത്യയില്‍ അതിസമ്പന്നരായ ഒരു ശതമാനം പേര്‍ രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നതായി ഒക്സ്ഫാം റിപ്പോര്‍ട്ട്. അതേസമയം ജനസംഖ്യയുടെ പകുതിയോളം പേര്‍ പങ്കുവയ്ക്കുന്നത് ആകെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രം. രാജ്യത്ത് രണ്ട് വര്‍ഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ നിന്നും 166 ആയും വര്‍ധിച്ചു.
ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യയിലെ അസമത്വത്തിന്റെ കണക്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോള ദാരിദ്ര്യം ഉന്മൂലനംചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ കോണ്‍ഫെഡറേഷനാണ് ഒക്സ്ഫാം.
ഇന്ത്യയിലെ പത്ത് അതിസമ്പന്നര്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയാല്‍ രാജ്യത്തെ പഠനം മുടങ്ങിയ എല്ലാ കുട്ടികളെയും സ്‌കൂളില്‍ തിരിച്ചെത്തിക്കാന്‍ ആവശ്യമായ തുക ലഭിക്കുമെന്നും ‘സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ആരംഭിച്ചശേഷം കഴിഞ്ഞ നവംബര്‍ വരെ ശതകോടീശ്വരന്മാരുടെ സ്വത്ത് 121 ശതമാനം വര്‍ധിച്ചു.
ദിവസം 3608 കോടി രൂപ വീതമാണ് ഇവരുടെ ആസ്തി വര്‍ധന. എന്നാല്‍ ഇവരില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന ജിഎസ്ടി തുലോം തുച്ഛം. 2021-22ല്‍ ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 14.83 ലക്ഷം കോടി രൂപയാണ്. ഇതില്‍ മേല്‍ത്തട്ടിലുള്ള 10 ശതമാനം പേരില്‍നിന്നുള്ള വിഹിതം വെറും മൂന്ന് ശതമാനം മാത്രം. താഴെത്തട്ടിലുള്ള 50 ശതമാനമാണ് 64 ശതമാനം വിഹിതവും സംഭാവന ചെയ്തത്.
സമ്പന്നരുടെ നിലനില്‍പ്പ് മാത്രം ഉറപ്പാക്കുന്ന സംവിധാനമാണ് ഇന്ത്യയിലുള്ളതെന്നും ദളിതര്‍, ആദിവാസികള്‍, മുസ്ലിങ്ങള്‍, സ്ത്രീകള്‍, അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ദുരിതത്തിലാണെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാര്‍ പറഞ്ഞു. അസമത്വം കുറയ്ക്കാന്‍ സമ്പത്ത് നികുതിയും അനന്തരാവകാശ നികുതിയും നടപ്പാക്കണമെന്ന് ബെഹര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.