Monday, November 25, 2024

മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്; ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമായേക്കും

ടെക്ഭീമന്‍ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച മുതലാണ് പിരിച്ചുവിടല്‍ ആരംഭിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന.

ആകെ ജീവനക്കാരില്‍ ഏകദേശം അഞ്ചുശതമാനം അഥവാ 11,000 പേരെ പിരിച്ചുവിട്ടേക്കും. ഹ്യൂമന്‍ റിസോഴ്സ്, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി.

നേരത്തെ, ആമസോണും മെറ്റയും ഉള്‍പ്പെടെ നിരവധി ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ പട്ടികയിലേക്കാണ് മൈക്രോസോഫ്റ്റും കടക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ് ഫോമിന് പല ക്വാര്‍ട്ടറിലും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയത് കമ്പനിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ നടപടി.

Latest News