Monday, November 25, 2024

വിറ്റാമിന്‍ എ സിറപ്പിന് നിരോധനം; ഉത്തരവിറക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ഗുണനിലവാരമില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിറ്റാമിൻ എ സിറപ്പിന് ഉത്തർപ്രദേശില്‍ നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. സിറപ്പിന്റെ ശീതീകരിച്ച സാംപിളുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അറിയിച്ചു.

ജെപി ഡ്രഗ്സിൽ നിന്നുള്ള സിറപ്പ് വിതരണത്തിനാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇവര്‍ വിതരണം ചെയ്യുന്ന സിറപ്പ് തണുത്ത കാലാവസ്ഥയിൽ മരവിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിറപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിശദമായ പരിശോധനകള്‍ക്കായി സിറപ്പിന്റെ നിരോധിത ബാച്ചുകളിൽ നിന്നുള്ള സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ട് വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് യു പി എം എസ് സി വ്യക്തമാക്കി.

അതേസമയം, ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ വിതരണം ചെയ്യുന്ന മരുന്ന് നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് സാമൂഹികപ്രവർത്തകനായ വിജയ് ഉപാധ്യായ പറഞ്ഞു. വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണത്തിന് ആഗ്ര കുപ്രസിദ്ധമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest News